
'സ്വർണ്ണ കൈയുള്ള മനുഷ്യൻ'; രക്തദാനത്തിലൂടെ 24 ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ ഓർമയായി
|60 വർഷക്കാലത്തിനിടയിൽ ഇദ്ദേഹം 1100 തവണ പ്ലാസ്മ ദാനം ചെയ്തു
കാൻബറ: രക്തദാനത്തിലൂടെ 24 ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ ഓർമയായി. 'സ്വർണ്ണ കൈയുള്ള മനുഷ്യൻ' എന്നറിയപ്പെട്ടിരുന്ന ജെയിംസ് തന്റെ അപൂർവ പ്ലാസ്മ ദാനം ചെയ്താണ് രണ്ട് ലക്ഷം ഓസ്‌ട്രേലിയൻ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചത്. കുടുംബം സ്ഥിരീകരിച്ച പ്രകാരം, ഫെബ്രുവരി 17 ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഒരു വൃദ്ധസദനത്തിലാണ് അദ്ദേഹം അന്തരിച്ചത്. 88 വയസായിരുന്നു.
60 വർഷക്കാലത്തിനിടയിൽ ഇദ്ദേഹം 1100 തവണ പ്ലാസ്മ ദാനം ചെയ്തു. ഹാരിസണിന്റെ രക്തത്തിൽ അപൂർവ്വ ആൻ്റിബോഡിയായ ആൻ്റി-ഡി ധാരാളം അടങ്ങിയിരുന്നു. ഗർഭസ്ഥ ശിശുക്കളിലെ RhD എന്നറിയപ്പെടുന്ന റിസസ് രോഗം ഭേദമാക്കുന്നതിൽ ആൻ്റി-ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. അമ്മയുടെ രോഗപ്രതിരോധ സംവിധാനം ഗർഭസ്ഥ ശിശുവിൻ്റെ രക്തത്തെ ആക്രമിക്കുന്ന അവസ്ഥയാണ് RhD ക്ക് കാരണമാകുന്നത്. ഇത് കുഞ്ഞുങ്ങളിൽ മസ്തിഷ്ക ക്ഷതം, ഹൃദയസ്തംഭനം എന്നിവക്ക് കാരണമാവുകയും മരണം വരെ സംഭവിച്ചേക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
1954 മുതലാണ് ഹാരിസൺ തന്റെ രക്തം ദാനം ചെയ്യാൻ തുടങ്ങിയത്. ഹാരിസണിന് 14 വയസ്സുള്ളപ്പോൾ ഒരു വലിയ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നിരുന്നു. അപ്പോൾ അദ്ദേഹം രക്തം സ്വീകരിച്ചിരുന്നു. അതിനുശേഷമാണ് പ്ലാസ്മ ദാനത്തിലേക്ക് കടന്നത്. 18 വയസ്സുള്ളപ്പോൾ രക്ത പ്ലാസ്മ ദാനം ചെയ്യാൻ തുടങ്ങിയ ഹാരിസൺ 81 വയസ്സ് വരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും രക്തം ദാനം ചെയ്തിരുന്നു.
2005 ൽ അദ്ദേഹം പ്ലാസ്മ ദാനത്തില്‍ ലോക റെക്കോഡ് സൃഷ്ടിച്ചു. 2022- വരെ അദ്ദേഹത്തിന്റെ ഈ റെക്കോഡ് നിലവിലുണ്ടായിരുന്നു.