< Back
World
നൂറാം ജന്മദിനത്തിൽ അറസ്റ്റിൽ; വിചിത്രമായ ആഗ്രഹം സഫലമാക്കി ആസ്‌ട്രേലിയൻ മുത്തശ്ശി
World

നൂറാം ജന്മദിനത്തിൽ 'അറസ്റ്റിൽ'; വിചിത്രമായ ആഗ്രഹം സഫലമാക്കി ആസ്‌ട്രേലിയൻ മുത്തശ്ശി

Web Desk
|
27 Aug 2022 12:57 PM IST

വിലങ്ങണിയിച്ച മുത്തശ്ശിയുടെ ചിത്രം പൊലീസ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

കൻബെറ: പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ ലഭിക്കാനും ആഗ്രഹങ്ങൾ സഫലമാക്കാനും ഇഷ്ടമില്ലാത്തവർ ആരാണ്. പുതിയ കാലത്ത് പുത്തൻ മൊബൈൽ ഫോണുകളും വിലകൂടിയ ഗാഡ്ജറ്റുകളും സമ്മാനമായി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതെല്ലങ്കിൽ എങ്ങോട്ടെങ്കിലും യാത്രപോകുക, സ്‌കൈ ഡൈവിങ് ചെയ്യുക, കിടിലൻ ഭക്ഷണം കഴിക്കുക ഇതൊക്കെയാകും മറ്റു ചിലരുടെ ആഗ്രഹങ്ങൾ. എന്നാൽ ആസ്‌ട്രേലിയയുടെ ഒരു വയോധികയുടെ പിറന്നാൾ ദിനത്തിലെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. ആൾക്ക് ചില്ലറ വയസൊന്നുമല്ല, നൂറാം പിറന്നാളിനാണ് വിചിത്രമായ ആഗ്രഹമാണ് മുത്തശ്ശി സഫലമാക്കിയത്.

അടുത്തിടെയാണ് ജീൻ ബിക്കറ്റൺ എന്ന മുത്തശ്ശി അവരുടെ നൂറാം ജന്മദിനം ആഘോഷിച്ചത്. ഈ പിറന്നാളിന് അറസ്റ്റിലാകണം എന്നതായിരുന്നു അവരുടെ ആഗ്രഹം. മുത്തശ്ശിയുടെ ആഗ്രഹം വിക്ടോറിയ പൊലീസും അറിഞ്ഞു. പിറന്നാൾ ആഘോഷവേദിയിലെത്തി മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിക്ടോറിയ പൊലീസ് തന്നെയാണ് ബിക്കറ്റണിനെ 'ഔദ്യോഗികമായി അറസ്റ്റ് ചെയ്തകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മൂന്ന് യുവ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം വിലങ്ങണിയിച്ച മുത്തശ്ശിയുടെ ചിത്രവും പൊലീസ് പോസ്റ്റ് ചെയ്തു. ഇത് ഏറ്റവും മികച്ച പിറന്നാളാഘോഷമായിരുന്നെന്ന് ജീൻ ഞങ്ങളോട് പറഞ്ഞു. അവർക്ക് മികച്ച അനുഭവം നൽകാൻ സഹായിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ജീനിന് നൂറാം ജന്മദിനാശംസകൾ...പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു. മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ നേർന്നും പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുമെല്ലാം നിരവധി പേരാണ് പോസ്റ്റിന് കീഴെ കമൻ് ചെയ്തിരിക്കുന്നത്.


Similar Posts