< Back
World
ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടം; നെതന്യാഹുവിനെതിരായ യുഎൻ വാക്കൗട്ടിന്റെ ചിത്രം പങ്കുവെച്ച് ആയത്തുല്ല അലി ഖാം‌നഇ
World

'ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഭരണകൂടം'; നെതന്യാഹുവിനെതിരായ യുഎൻ വാക്കൗട്ടിന്റെ ചിത്രം പങ്കുവെച്ച് ആയത്തുല്ല അലി ഖാം‌നഇ

Web Desk
|
27 Sept 2025 7:58 PM IST

യുഎൻ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100ലേറെ പ്രതിനിധികൾ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തിയിരുന്നു

തെഹ്‌റാൻ: യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം നടന്നതിൽ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാം‌നഇ. നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 100ലേറെ പ്രതിനിധികൾ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി. ഗസ്സ വംശഹത്യയെ തുടർന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകൾക്കിടയിലാണ് നെതന്യാഹു യുഎൻ പൊതുസഭയിൽ സംസാരിക്കാനെത്തിയത്.

നെതന്യാഹുവിനെ ബഹിഷ്കരിച്ച യുഎൻ സഭയുടെ ചിത്രം പങ്കുവെച്ച് 'ഇന്ന്, ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ടതും ഒറ്റപ്പെട്ടതുമായ ഭരണകൂടമാണ് ദുഷ്ട സയണിസ്റ്റ് ഭരണകൂടം' എന്നാണ് ഖാം‌നഇ കുറിച്ചത്. അറബ്, മുസ്‌ലിം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രതിഷേധത്തിൻ്റെ ഭാഗമായി നെതന്യാഹുവിന്റെ ബഹിഷ്കരിച്ചു. നെതന്യാഹുവിൻ്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബഹിഷ്കരണത്തെ തുടർന്നും പ്രസംഗിച്ച നെതന്യാഹു ഗസ്സയിലെ ആക്രമണങ്ങളെ യുഎന്നിൽ ന്യായീകരിച്ചു. ഹമാസിന്റെ ഭീഷണി അവസാനിക്കും വരെ യുദ്ധം തുടരുമെന്നും ഇറാൻ ഭീഷണിയാണെന്നും വരും വർഷങ്ങളിൽ മിഡിൽ ഈസ്റ്റ് പൂർണമായും പുതിയ രൂപത്തിലാകുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ഭയന്ന്, നെതന്യാഹു അമേരിക്കയിലേക്ക് പറന്നത് തന്നെ യൂറോപ്യൻ വ്യോമാതിർത്തി ഒഴിവാക്കിയായിരുന്നു. ഗസ്സ കുറ്റകൃത്യങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Similar Posts