< Back
World
ഡീല്‍ നടന്നാല്‍ ഹോര്‍മുസ് കടലിടുക്ക് ഞാനും ആയത്തുല്ലയും ചേര്‍ന്ന് നിയന്ത്രിക്കും: ട്രംപ്
World

ഡീല്‍ നടന്നാല്‍ ഹോര്‍മുസ് കടലിടുക്ക് ഞാനും ആയത്തുല്ലയും ചേര്‍ന്ന് നിയന്ത്രിക്കും: ട്രംപ്

ആത്തിക്ക് ഹനീഫ്
|
23 March 2026 9:25 PM IST

ഇറാനുമായി വിജയകരമായി ചർച്ച നടത്തുകയാണെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് നിർത്തിവെക്കുന്നതായും ട്രംപ്

വാഷിങ്ടൺ: ഇറാനുമായി ഒരു കരാറിലെത്തിയാൽ അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കുമെന്നും, അതിന് ശേഷം താനും ഇറാനിലെ പുതിയ ആയത്തുല്ലയും ചേർന്ന് കടലിടുക്കിന്റെ നിയന്ത്രണം സംയുക്തമായി ഏറ്റെടുക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കും ഉപരോധങ്ങൾക്കും പരിഹാരമായാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നാൽ അതിന്റെ നിയന്ത്രണം ആർക്കായിരിക്കും എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചോദ്യം കേട്ട് അൽപ്പനേരം ആലോചിച്ച ശേഷമാണ് 'സംയുക്ത നിയന്ത്രണം' എന്ന ആശയം ട്രംപ് പങ്കുവെച്ചത്. 'ഒരുപക്ഷേ ഞാൻ... ഞാനും ആയത്തുല്ലയും, ആരാണോ അടുത്ത ആയത്തുല്ല, ഞങ്ങൾ ചേർന്നായിരിക്കും ഇത് നിയന്ത്രിക്കുക,' ട്രംപ് വ്യക്തമാക്കി.

ഇറാനുമേൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടരുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയെ യുദ്ധഭീതിയിൽ നിർത്തുകയാണ്. ഈ സാഹചര്യത്തിൽ ആഗോള എണ്ണ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് ആഗോളതലത്തിൽ തന്നെ ആശങ്കകൾക്കും എണ്ണവില വർധനവിനും കാരണമായിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനും എണ്ണ വിതരണം വേഗത്തിൽ സാധാരണ നിലയിലാക്കാനും ശ്രമിക്കുന്നതിനിടെയാണ് കടലിടുക്കിലെ സംയുക്ത നിയന്ത്രണം എന്ന അപ്രതീക്ഷിത പ്രഖ്യാപനം ഡൊണാൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. ഇറാനിൽ വലിയ രീതിയിലുള്ള ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജ, എണ്ണ മേഖലകളെ ആക്രമിക്കില്ലെന്ന് ട്രംപ്. ഇറാനുമായി തുടരുന്ന ചർച്ച വിജയകരമായി തുടരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. എന്നാൽ അമേരിക്കയുമായി ഒരു വിധത്തിലുമുള്ള ചർച്ചയും നടക്കുന്നില്ലെന്ന് ഇറാൻ പ്രതികരിച്ചു.

Similar Posts