
532 മിസൈലുകൾ,28 മരണം; ഇറാൻ നടത്തിയ ആക്രമണത്തിന്റെ കണക്കുകൾ പുറത്ത് വിട്ട് ഇസ്രായേൽ മാധ്യമങ്ങൾ
|ആക്രമണത്തിന്റെ ആദ്യ ദിവസം 100 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്
തെൽഅവിവ്: ഇറാൻ ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണത്തിന്റെ കണക്കുകൾ പുറത്ത്. ഈ മാസം 13 മുതൽ 532 മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടത്.ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായും ഇസ്രായേൽ മാധ്യമമായ ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ആദ്യ ദിവസം 100 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. റമാത് ഗാൻ, തെൽഅവിവ് എന്നിവടങ്ങളിലായിരുന്നു മിസൈൽ പതിച്ചത്.ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ ആൾനാശമുണ്ടാക്കിയത് ജൂൺ 15 ന് നടത്തിയ ആക്രമണത്തിലായിരുന്നു. ഹൈഫ, സാവ്ഡിയേൽ, ബാറ്റ് യാം, റെഹോവോട്ട്, റാമത് ഗാൻ എന്നിവടങ്ങളിലായ നടത്തിയ ആക്രമണങ്ങളിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. 65 മിസൈലുകളാണ് ഇസ്രായേലിന്റെ വിവിധ ഇടങ്ങളിൽ പതിച്ചത്. ജൂൺ 16 ന് നടത്തിയ 43 മിസൈലാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഹൈഫ ഓയിൽ റിഫൈനറികൾ, പെറ്റാ ടിക്‍വ, തെൽഅവിവ്, ബ്‌നെയ് ബ്രാക്ക് എന്നിവടങ്ങളിലാണ് ആക്രമണം നടന്നത്.ഏറ്റവും കൂടുതൽ മിസൈൽ ആക്രമണം നടത്തിയത് ജൂൺ 14 നായിരുന്നു. 120 മിസൈലാണ് ഇറാൻ താമ്ര, റിഷോൺ ലെറ്റ്‌സിയോൺ, തെൽഅവിവ് എന്നിവടങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിച്ചത്. അന്ന് ആറ് ഇസ്രായേല്‍ പൗരന്മാർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ജൂൺ 17 മുതൽ 23 വരെ മിസൈലാക്രമണത്തിൽ ആൾ നാശമുണ്ടായിട്ടില്ല. ജൂൺ 17ന് 39ഉം 18ന് 16 ഉം 17ന് 49 ഉം 20 ന് 26ഉം 22 ന് 40ഉം മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 29 മിസൈലുകളാണ് ഇസ്രായേലിൽ പതിച്ചത്. തിങ്കളാഴ്ച എട്ട് മിസൈലുകളും വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ന് 21 മിസൈലുകളും ഇസ്രായേലിലെത്തി. ഇന്ന് നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ബിർഷേബയിൽ ഇറാൻ മിസൈൽ ഏഴുനില കെട്ടിടത്തിൽ പതിച്ച് ആറുപേര്‍ മരിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.