< Back
World
പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ഏഴ് സൈനികർ കൊല്ലപ്പെട്ടു
World

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ഏഴ് സൈനികർ കൊല്ലപ്പെട്ടു

Web Desk
|
16 March 2025 3:00 PM IST

ആക്രമണത്തിൽ 90 സൈനികർ കൊല്ലപ്പെട്ടതായി ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമബാദ്: പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ഇന്ന് ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ആക്രമണത്തിൽ 90 സൈനികർ കൊല്ലപ്പെട്ടതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. "ക്വെറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏഴ് ബസുകളും രണ്ട് വാഹനങ്ങളും അടങ്ങുന്ന വാഹനവ്യൂഹമാണ് ലക്ഷ്യമിട്ടത്. ഒരു ബസിൽ വെഹിക്കിൾ-ബോൺ ഐഇഡി ഇടിച്ചിട്ടുണ്ട്. അതൊരു ചാവേർ ആക്രമണമായിരിക്കാം. മറ്റൊന്നിൽ റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജി) ഉപയോഗിച്ചു," ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ എത്തിക്കാനായി ഏവിയേഷൻ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും, പ്രദേശത്ത് നിരീക്ഷണത്തിനായി ഡ്രോണുകൾ എത്തിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തിൽ ഒരു ബസ് പൂർണ്ണമായും തകർന്നതായി ബിഎൽഎ വ്യക്തമാക്കി. ആക്രമണത്തിൽ 90 സൈനികർ കൊല്ലപ്പെട്ടുവെന്നും, കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും ബിഎൽഎ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തിരുന്നു. ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. ഇതിൽ 214 സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടിരുന്നു.

Similar Posts