< Back
World
ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണചെയ്യണം; ആവശ്യവുമായി ബം​ഗ്ലാദേശ്
World

ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണചെയ്യണം; ആവശ്യവുമായി ബം​ഗ്ലാദേശ്

Web Desk
|
29 Nov 2024 2:56 PM IST

ഐസിസി പ്രോസിക്യൂട്ടര്‍ കരീം എ. ഖാനുമായി ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തി

ധാക്ക: ജനകീയ പ്രക്ഷോഭത്തിനിടെയുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) വിചാരണ ചെയ്യണമെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടു.

മുഹമ്മദ് യൂനുസ് ഐസിസി പ്രോസിക്യൂട്ടര്‍ കരീം എ. ഖാനുമായി ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹസീനയുടെ വിചാരണയുമായി സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യൂനുസിന്റെ മാധ്യമവിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഹസീനക്ക് പുറമെ, മുന്‍ മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളിലും ഐസിസി വിചാരണ നടത്തണമെന്നും യൂനുസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശൈഖ് ഹസീനക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലുമായി സഹകരിക്കാന്‍ ഐസിസിക്ക് താല്‍പര്യമുണ്ടെന്ന് കരീം എ. ഖാന്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

വിവാദമായ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട് അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ബംഗ്ലാദേശില്‍ അരങ്ങേറിയത്. തുടര്‍ന്ന് ആഗസ്റ്റ് 5ന് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹസീനയ്ക്കും കൂട്ടാളികള്‍ക്കും എതിരെ പ്രത്യേകിച്ച് ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നടന്ന കൂട്ടപ്രക്ഷോഭത്തിനിടെ കൂട്ടക്കൊല നടത്തിയതിനും കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ നിര്‍ബന്ധിത തിരോധാനങ്ങള്‍ നടത്തിയതിനും ഉള്‍പ്പടെ നിരവധി കേസുകളിലാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലില്‍ വിചാരണ നടക്കുന്നത്.

ഹസീനയെ വിട്ടുതരണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യൂനുസ് നേരത്തേ അറിയിച്ചിരുന്നു. ശൈഖ് ഹസീനയുടെ 15 വര്‍ഷം നീണ്ട ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ നിരവവധി പേരാണ് കൊല്ലപ്പെട്ടത്.

Similar Posts