< Back
World
Bashar Al Assad, Damascus, Syria, സിറിയ, ബശ്ശാറുൽ അസദ്

ബശ്ശാറുൽ അസദ്

World

ബശ്ശാറുൽ അസദ് രാജ്യം വിട്ടു; സിറിയ മോചിപ്പിച്ചെന്ന് വിമതർ

Web Desk
|
8 Dec 2024 11:05 AM IST

കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി ഒരു സ്വതന്ത്ര സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസൻ അബ്ദുൽ ​ഗനി

ദമസ്കസ്: വിമതനീക്കത്തെ തുടർന്ന് സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതായി റിപ്പോർട്ട്. സിറിയ അസദിൽ നിന്ന് സ്വതന്ത്രമായതായി വിമതസൈന്യം പ്രഖ്യാപിച്ചു. തലസ്ഥാനമായ ദമസ്കസ് പൂർണ്ണമായും പിടിച്ചടക്കിയതായും വിമതർ അറിയിച്ചു. തലസ്ഥാനത്തിന് പുറമെ പ്രധാന നഗരങ്ങളും വിമതരുടെ നിയന്ത്രണത്തിലാണ്.

കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി ഒരു സ്വതന്ത്ര സിറിയ കാത്തിരിക്കുന്നുവെന്ന് വിമതരുടെ സൈനിക നേതാവ് ഹസൻ അബ്ദുൽ ​ഗനി എക്‌സിൽ കുറിച്ചു. ഇരുണ്ട യുഗം അവസാനിപ്പിച്ച്, സിറിയയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും ഗനി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. "ബാത്ത് ഭരണത്തിൻ കീഴിലുള്ള 50 വർഷത്തെ അടിച്ചമർത്തലിനും 13 വർഷത്തെ കുറ്റകൃത്യങ്ങൾക്കും സ്വേച്ഛാധിപത്യത്തിനും കുടിയൊഴിപ്പിക്കലിനും ശേഷം, എല്ലാതരം അധിനിവേശ ശക്തികൾക്കും എതിരായ ഒരു നീണ്ട പോരാട്ടത്തിനും ചെറുത്തുനിൽപ്പിനും ശേഷം, ഞങ്ങൾ ഇന്ന്, 8-12-2024 ന് ആ ഇരുണ്ട യുഗം അവസാനിക്കുന്നതായി പ്രഖ്യാപിക്കുന്നു. ഇന്ന് സിറിയയുടെ ഒരു പുതിയ അധ്യായത്തിൻ്റെ തുടക്കവുമാണ്,"

വിമതരുമായി സഹകരിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെ താൻ വീട്ടിൽ തന്നെ തുടരുകയാണെന്ന് വ്യക്തമാക്കിയ ജലാലി പൊതുസ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.

ആരും പൊതുസ്ഥാപനങ്ങൾ കയ്യേറരുതെന്നും പ്രതികാരനടപടികൾ ഉണ്ടാകില്ലെന്നും വിമത നേതാവ് അബു മുഹമ്മദ് അൽ ജൂലാനി വ്യക്തമാക്കി. വിമതർ കയ്യടക്കിയതിന് പിന്നാലെ ദമസ്കസിന്റെ ചില ഭാഗങ്ങളിൽ വെടിവെപ്പുകൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.

ദമസ്കസിൽ നിന്ന് വിമാനമാർഗമാണ് അസദ് അജ്ഞാത സ്ഥലത്തേക്ക് പോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദമസ്കസ് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിലായിരുന്നു യാത്ര. ഇതോടെ സിറിയയിലെ ഏകദേശം 24 വർഷം നീണ്ട ബശ്ശാറുൽ അസദിന്റെ ഭരണത്തിന് അന്ത്യം ആവുകയാണ്. കഴിഞ്ഞ 50 വർഷമായി അസദ് കുടുംബമാണ് സിറിയയിൽ ഭരണം കയ്യാളുന്നത്.

Similar Posts