< Back
World
ഇസ്രായേൽ സർക്കാരിന്റെ പിആർ ആയി ബിബിസി പ്രവർത്തിക്കുന്നു - ഡയറക്ടർ ജനറലിന് കത്തെഴുതി 100-ഓളം ജീവനക്കാർ
World

'ഇസ്രായേൽ സർക്കാരിന്റെ പിആർ ആയി ബിബിസി പ്രവർത്തിക്കുന്നു' - ഡയറക്ടർ ജനറലിന് കത്തെഴുതി 100-ഓളം ജീവനക്കാർ

Web Desk
|
5 July 2025 4:34 PM IST

ബിബിസിയുടെ ഉള്ളടക്കം പലപ്പോഴും 'ഇസ്രായേൽ സർക്കാരിനും സൈന്യത്തിനുമുള്ള പിആർ' പോലെയാണെന്ന് കത്തിൽ ഒപ്പിട്ട ജീവനക്കാർ അവകാശപ്പെടുന്നു.

ലണ്ടൻ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ യുദ്ധത്തിൽ ഇസ്രായേൽ സർക്കാരിനുവേണ്ടി പിആർ ചെയ്യാൻ നിർബന്ധിച്ചു എന്നാരോപിച്ച് 100-ലധികം ബിബിസി ജീവനക്കാർ ഡയറക്ടർ ജനറൽ ടിം ഡേവിക്കുള്ള തുറന്ന കത്തിൽ ഒപ്പിട്ടു. ഫലസ്തീൻ വിഷയത്തിൽ ബിബിസിയുടെ ഉള്ളിൽ വർധിച്ചുവരുന്ന ആന്തരിക സംഘർഷത്തിന്റെ തെളിവാണിത്. അഭിനേതാക്കളായ മിറിയം മാർഗോളിസ്, ചാൾസ് ഡാൻസ്, സംവിധായകൻ മൈക്ക് ലീ എന്നിവരുൾപ്പെടെ 300-ലധികം മറ്റ് മാധ്യമ പ്രൊഫഷണലുകളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ പ്രതിനിധാനം ചെയ്യുന്ന റിപ്പോർട്ടിലും സ്വന്തം എഡിറ്റോറിയൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ബിബിസി പരാജയപ്പെട്ടുവെന്ന് കത്തിൽ വിമർശിക്കുന്നു. ബിബിസിയുടെ ഉള്ളടക്കം പലപ്പോഴും 'ഇസ്രായേൽ സർക്കാരിനും സൈന്യത്തിനുമുള്ള പിആർ' പോലെയാണെന്ന് കത്തിൽ ഒപ്പിട്ട ജീവനക്കാർ അവകാശപ്പെടുന്നു.

ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ബോബ് വിലന്റെ സംഗീത പരിപാടിയിൽ 'ഡെത്ത് ടു ദി ഐഡിഎഫ്! ' എന്ന് സന്ദേശം ഉയർത്തിയത് ബിബിസി ലൈവ് സ്ട്രീം ചെയ്തതിനെ ച്ചൊല്ലിയുള്ള വിവാദങ്ങളുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് ഈ തിരിച്ചടി. കത്തിന് മറുപടിയായി എഡിറ്റോറിയൽ ടീമുകൾക്കിടയിൽ ചർച്ചകൾ അനിവാര്യമാണെന്നും സംഘർഷം നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള ബിബിസിയുടെ പൂർണ്ണ പ്രതിബദ്ധത ബിബിസി വക്താവ് ഊന്നിപ്പറഞ്ഞു.

ഗസ്സയെക്കുറിച്ചുള്ള ബിബിസിയുടെ അവാർഡ് നേടിയ പ്രോഗ്രാമുകളായ 'ലൈഫ് ആൻഡ് ഡെത്ത് ഇൻ ഗസ്സ', 'ഗസ്സ 101' എന്നിവ വക്താവ് എടുത്തുകാട്ടി. എന്നാൽ ഇതേ ബിബിസി തന്നെ ഗസ്സയിലെ ഡോക്ടർമാരുടെ ദുരവസ്ഥയെ കുറിച്ചുള്ള 'ഗസ്സ: ഡോക്ടർസ് അണ്ടർ അറ്റാക്ക്' എന്ന ഡോക്യുമെന്ററി സംപ്രേഷണം തടഞ്ഞുവെച്ചതിന് രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ബിബിസിയുടെ മുൻ അവതാരകനും ഫുട്ബോൾ താരവുമായ ഗാരി ലിനേക്കർ ഈ വിഷയത്തിൽ ബിബിസി ലജ്ജകൊണ്ട് തലകുനിക്കണമെന്ന് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ബിബിസിയുടെ ഡയറക്ടർ ജനറലിനുള്ള തുറന്ന കത്തിൽ ആന്തരിക സെൻസർഷിപ്പും ആരോപിക്കുന്നു. ഒപ്പിട്ടവരുടെ അഭിപ്രായത്തിൽ ഇസ്രായേലിനെ വിമർശിക്കുന്ന ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ബിബിസി ജീവനക്കാർക്ക് ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

Related Tags :
Similar Posts