< Back
World
63 പെന്‍ഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു
World

63 പെന്‍ഗ്വിനുകളെ തേനീച്ചക്കൂട്ടം 'കുത്തി'ക്കൊന്നു

Web Desk
|
20 Sept 2021 10:03 AM IST

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപമുള്ള ബീച്ചിലാണ് സംഭവം

വംശനാശ ഭീഷണി നേരിടുന്ന 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപമുള്ള ബീച്ചിലാണ് സംഭവം. സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

പെന്‍ഗ്വിനുകളുടെ ശരീരത്തില്‍ തേനീച്ചകളുടെ കുത്തേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. പെന്‍ഗ്വിനുകളുടെ കണ്ണിനു ചുറ്റുമാണ് തേനീച്ചകളുടെ കുത്തേറ്റതെന്ന് സംഘടനയിലെ അംഗം ഡേവിഡ് റോബര്‍ട്ട്‌സ് അറിയിച്ചു. തികച്ചും അപൂര്‍വമായ സംഭവമാണിത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംഭവസ്ഥലത്ത് ചത്ത തേനീച്ചകളെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വംശനാശം നേരിടുന്ന പെന്‍ഗ്വിനുകളെ കേപ്ടൗണിനു സമീപത്തുള്ള സൈമണ്‍സ്ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് ചത്ത നിലയില്‍ കണ്ടത്. ദേശീയ പാര്‍ക്കിന്‍റെ ഭാഗമായ ഇവിടെ കേപ് തേനീച്ചകളും ഏറെയുണ്ട്.

"വംശനാശ ഭീഷണി നേരിടുന്ന പെന്‍ഗ്വിനുകളാണ്. ഇങ്ങനെയൊരു അന്ത്യമുണ്ടാവരുതായിരുന്നു. അവ സംരക്ഷിത ഇനമാണ്"- ഡേവിഡ് റോബര്‍ട്ട്‌സ് പറഞ്ഞു.

പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പെന്‍ഗ്വിനുകളെ കൊണ്ടുപോയി. പക്ഷികളിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. അതേസമയം തേനീച്ചക്കുത്തേറ്റെന്ന് വ്യക്തമായി.

Related Tags :
Similar Posts