< Back
World
ഗസ്സയിലെ കുരുന്നുകളെ കൊലപ്പെടുത്തുന്നു, അതിനായി പണം നൽകുന്നു: യുഎസ് സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ, ബെൻ കോഹൻ അറസ്റ്റിൽ
World

'ഗസ്സയിലെ കുരുന്നുകളെ കൊലപ്പെടുത്തുന്നു, അതിനായി പണം നൽകുന്നു': യുഎസ് സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ, ബെൻ കോഹൻ അറസ്റ്റിൽ

Web Desk
|
15 May 2025 10:55 AM IST

യുഎസ് സെനറ്റ് കമ്മിറ്റി ഹിയറിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍. ഈ യോഗത്തിലാണ് ബെന്നും സംഘവും ഗസ്സ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചത്.

ന്യൂയോര്‍ക്ക്: യുഎസ് സെനറ്റ് യോഗത്തിനിടെ ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങൾ വിളിച്ചുപറഞ്ഞ് ജനപ്രിയ ഐസ്ക്രീം ബ്രാന്‍ഡായ ബെൻ & ജെറീസിന്റെ സഹസ്ഥാപകന്‍ ബെൻ കോഹന്‍. പിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

യുഎസ് സെനറ്റ് കമ്മിറ്റി ഹിയറിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍. ഈ യോഗത്തിലാണ് ബെന്നും സംഘവും ഗസ്സ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഈ സമയത്ത് ആരോഗ്യ സെക്രറ്ററി റോബർട്ട് എഫ് കെന്നഡി ജൂനിയർ സംസാരിക്കുകയായിരുന്നു. കോഹനൊപ്പം മറ്റു ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

'യുഎസ് കോൺഗ്രസ് ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു'- എന്ന് അലറിവിളിച്ചുകൊണ്ടാണ് ബെന്നും സംഘവും പ്രതിഷേധിച്ചത്. ബെന്നും സംഘവും പ്ലക്കാർഡുകളും മറ്റുമായി എഴുന്നേൽക്കുന്നതും ഉടനെ ഉദ്യോഗസ്ഥർ ഞെട്ടുന്നതുമടക്കം പുറത്തുവന്ന വീഡിയോയിൽ കാണാം. ശേഷം ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്തുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്തു.

'' ഗസ്സയിലെ കുട്ടികളെ കൊലക്ക് കൊടുക്കുകയാണ്. അതിനായി ബോംബ് വാങ്ങാന്‍ പണം കൊടുക്കുകയാണ്''- ഇതാണ് ഞാന്‍ വിളിച്ചുപറഞ്ഞതെന്ന് കോഹന്‍ വ്യക്തമാക്കി. ഗസ്സയിലേക്ക്, യുഎസ് കോൺഗ്രസ് ഭക്ഷണം കടത്തിവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയും അദ്ദേഹം തന്നെ എക്സില്‍ പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തെ പിന്നീട് പൊലീസ് വിട്ടയച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് ബെൻ ആൻഡ് ജെറി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ സർക്കാരിനെ കമ്പനി നേരത്തെയും വിമർശിച്ചിരുന്നു.

Similar Posts