< Back
World
us president Joe Biden and benjamin netanyahu
World

ഇസ്രായേലിന് വീണ്ടും ആയുധം നൽകി അമേരിക്ക; തീരുമാനം സ്റ്റേറ്റ്സ് കോൺഗ്രസ് അറിയാതെ

Web Desk
|
30 Dec 2023 4:12 PM IST

147.5 മില്യൺ ഡോളറിന്റെ ഉപകരണങ്ങളാണ് വിൽപന നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു

വാഷിങ്ടൺ: ഫലസ്തീൻ ജനതക്ക് മേൽ നരനായാട്ട് തുടരുന്ന ഇസ്രായേലിന് വീണ്ടും ആയുധം നൽകി അമേരിക്ക. നിയമനിർമാണ സഭയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൽ ചർച്ച ചെയ്യാതെയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം അടിയന്തരമായി ആയുധം നൽകാൻ തീരുമാനിച്ചത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രായേലിന് മാരകശേഷിയുള്ള ആയുധങ്ങൾ നൽകുന്നത്.

ഒരു മാസത്തിനുള്ളിൽ താൻ രണ്ടാമത്തെ അടിയന്തര തീരുമാനം എടുത്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കോൺഗ്രസിനോട് പറഞ്ഞു. ഇസ്രായേലിന് 147.5 മില്യൺ ഡോളറിന്റെ ഉപകരണങ്ങളാണ് വിൽപന നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച അറിയിച്ചു.

ഇസ്രായേലിന്റെ അടിയന്തര ആവശ്യം മാനിച്ച് ആയുധങ്ങൾ കൈമാറാൻ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുകയായിരുന്നുവെന്ന് ആന്റണി ബ്ലിങ്കൺ കോൺഗ്രസിനെ അറിയിച്ചു.

‘ഇസ്രായേലിന്റെ സുരക്ഷയിൽ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ഇസ്രായേൽ നേരിടുന്ന ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് യുഎസ് ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്’ -ബ്ലിങ്കൺ പറഞ്ഞു.

ഇസ്രായേൽ മുമ്പ് വാങ്ങിയ 155 എംഎം ഷെല്ലുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഫ്യൂസ്, ചാർജുകൾ, പ്രൈമറുകൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ ഇനങ്ങളും അമേരിക്ക കൈമാറിയതിൽ ഉൾപ്പെടുന്നു.

106 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 14,000 റൗണ്ട് ടാങ്ക് വെടിമരുന്ന് ഇസ്രായേലിന് നൽകാൻ ബ്ലിങ്കൻ ഡിസംബർ ഒമ്പതിന് സമാന രീതിയിൽ തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ കോൺഗ്രസിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് അമേരിക്കയിൽ അപൂർവമാണ്.

ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും അമേരിക്ക വീണ്ടും ഇസ്രായേലിന് ആയുധം നൽകുന്നത് ആക്രമണം ശക്തമാക്കാനാണ് സഹായിക്കുകയെന്ന് ആക്ഷേപമുയർന്ന് കഴിഞ്ഞിട്ടുണ്ട്. ഗസ പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് വ്യാപക നാശത്തിന് കാരണമാകുന്ന പീരങ്കി ഷെല്ലുകളായ 155 എംഎം എം 107 പ്രൊജക്‌ടൈലുകൾ ഇസ്രായേൽ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിന് പണംമുടക്കുന്നത് അമേരിക്കയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ ഇതുവരെ 21,057 പേർ കൊല്ലപ്പെടുകയും 55,915 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 1139 പേരും കൊല്ലപ്പെട്ടു.

Related Tags :
Similar Posts