< Back
World
കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകും: മുന്നറിയിപ്പുമായി അമേരിക്ക
World

കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകും: മുന്നറിയിപ്പുമായി അമേരിക്ക

Web Desk
|
29 Aug 2021 8:11 AM IST

36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. 36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നു.

കാബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ആക്രമണത്തിന്‍റെ മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നത്. പ്രസിഡന്‍റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നല്‍കിയത്. അടുത്ത 24 മണിക്കൂറിനും 36 മണിക്കൂറിനുമുള്ളില്‍ ഭീകരാക്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അഫ്ഗാനില്‍ നിന്നുള്ള ആളുകളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തി. രക്ഷാദൗത്യത്തിനുള്ള യു.കെയുടെ അവസാന വിമാനവും കാബൂൾ വിട്ടു. അവസാന നിമിഷം വരെയും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. യു.കെ, ഫ്രാൻസ്, ആസ്ട്രേലിയ തുടങ്ങി മിക്ക രാജ്യങ്ങളും ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചിട്ടുണ്ട്.

ഇനി രണ്ടു ദിവസം മാത്രമാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ അവശേഷിക്കുന്നത്. അതിനാല്‍ അമേരിക്കയും സേനാ പിന്മാറ്റം തുടങ്ങി. ഐഎസ്കെയുടെ നങ്കർഹാർ പ്രവിശ്യയിലെ ഐഎസ് ഖുറാസാന്റെ താവളത്തിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചു. ഐഎസ്കെയുടെ ഏറ്റവും ഉന്നതരായ നേതാക്കൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക അവകാശപ്പെട്ടു.

Similar Posts