< Back
World
netanyahu_biden
World

നെതന്യാഹുവിന്റെ നിലനിൽപ്പോ ബന്ദികളുടെ തിരിച്ചുവരവോ? ബൈഡന്റെ സമാധാന പദ്ധതി എതിർത്ത് ഇസ്രായേൽ

Web Desk
|
2 Jun 2024 6:28 PM IST

ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാർ നടപ്പാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം

ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ഇസ്രായേലിന്റെ സമാധാന പദ്ധതിയാണ് താൻ പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസമാണ് ഗസ്സയിൽ വെടിനിർത്താനും ബന്ദി​മോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി ജോ ബൈഡൻ പറഞ്ഞത്. ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരട് രൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന്​ കൈമാറിയതായും ബൈഡൻ പറഞ്ഞിരുന്നു.

വെടിനിർത്തൽ അടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉയർന്നുകഴിഞ്ഞു. ഇസ്രായേലും ഹമാസും പദ്ധതി അംഗീകരിക്കുമോ എന്നതാണ് പ്രധാനം. സമാധാന പദ്ധതി നടപ്പാക്കി കഴിഞ്ഞാൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 36,000-ത്തിലധികം ഫലസ്തീനികളുടെ കൂട്ടക്കൊലക്ക് കാരണമായ ഇസ്രായേൽ ആക്രമണത്തിന് അറുതിയാകുമെന്നാണ് ലോകരാഷ്ട്രങ്ങളുടെ നിരീക്ഷണം.

എന്താണ് പദ്ധതി?

ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാർ നടപ്പാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇസ്രായേലി തടവുകാരുടെയും ഫലസ്തീനിയൻ തടവുകാരുടെയും കൈമാറ്റം, ഗസ്സ മുനമ്പിൽ പട്ടിണിയിൽ വലയുന്നവർക്കും ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 82,000-ത്തിലധികം പേർക്കും മാനുഷിക സഹായം തുടങ്ങിയവയും ആദ്യഘട്ടത്തിൽ നടപ്പാക്കും.

ഗസ്സയ്ക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കുമെന്നും ഖത്തർ വഴി ഹമാസിനെ അറിയിച്ച നിർദേശങ്ങളിൽ പറയുന്നു.

മൂന്നാം ഘട്ടത്തിൽ, ഇസ്രായേൽ സൈന്യം കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്ത 60 ശതമാനം ക്ലിനിക്കുകൾ, സ്കൂളുകൾ, സർവ്വകലാശാലകൾ, മതപരമായ കെട്ടിടങ്ങൾ എന്നിവയുടെ പുനർനിർമാണം നടക്കും. ഒപ്പം സമ്പൂർണ വെടിനിർത്താലും സാധ്യമാകുമെന്നും നിർദേശങ്ങളിൽ പറയുന്നു.

അനുകൂലിച്ചവർ...

നിർദേശങ്ങളെ പോസിറ്റിവായി വീക്ഷിക്കുന്നതായി ഹമാസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, മറ്റ് വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. ചില ഇസ്രായേലി രാഷ്ട്രീയക്കാരിൽ നിന്നും ബന്ദികളാക്കിയവരുടെ കുടുംബങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഈ പദ്ധതിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുഖ്യ എതിരാളിയായ ബെന്നി ഗാൻ്റ്‌സ്, ഈ നിർദ്ദേശത്തെ അനുകൂലിച്ച് സംസാരിക്കുകയും നെതന്യാഹുവിനോടും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനോടും അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യുദ്ധത്തിനപ്പുറമുള്ള ഗസ്സയുടെ ഒരു പദ്ധതിയും അംഗീകരിച്ചില്ലെങ്കിൽ ജൂൺ 8ന് മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുമെന്ന് ഗാൻ്റ്സ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് യായർ ലാപിഡും പദ്ധതിയെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. യുകെ, ജർമ്മനി എന്നിവയുൾപ്പെടെ ഇസ്രായേലിൻ്റെ പല സഖ്യകക്ഷികളും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും പദ്ധതിയെ അനുകൂലിച്ചിരുന്നു.

ഇസ്രയേലിന്റെ എതിർപ്പ്..

സമാധാന പദ്ധതിയോടുള്ള എതിർപ്പിൻ്റെ ഭൂരിഭാഗവും ഇസ്രായേൽ മന്ത്രിസഭയിൽ നിന്നുതന്നെയാണ്. ഭരിക്കാനും യുദ്ധം ചെയ്യാനുമുള്ള ഹമാസിൻ്റെ കഴിവ് ഇല്ലാതാക്കുന്നത് ഉൾപ്പെടാത്ത ഏതൊരു പദ്ധതിയെയും അംഗീകരിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണത്തിൻ്റെ ആവർത്തനം ഇനിയൊരിക്കലും സംഭവിക്കാത്ത തരത്തിൽ ഗസ്സ മുനമ്പിൽ ഹമാസ് തരംതാഴ്ത്തപ്പെട്ടതായി താൻ കരുതുന്നതായാണ് ബൈഡൻ പറഞ്ഞിരുന്നത്. എന്നാൽ, ബൈഡൻ ഭരണകൂടത്തിന്റെ വ്യാഖാനങ്ങൾക്ക് വിരുദ്ധമായാണ് നെതന്യാഹുവിന്റെ പ്രസ്താവന.

നെതന്യാഹുവിൻ്റെ വലതുപക്ഷ സഖ്യത്തിലെ അൾട്രാനാഷണലിസ്റ്റും തീവ്ര വലതുപക്ഷ അംഗങ്ങളായ ഇറ്റാമർ ബെൻ-ഗ്വിറും ബെസാലെൽ സ്മോട്രിച്ചും കടുത്ത എതിർപ്പുമായാണ് രംഗത്തെത്തിയത്. നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ സർക്കാരിൽ നിന്ന് പിന്മാറുമെന്നും നെതന്യാഹു ഭരണകൂടം തകരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങൾ ഈ കരാർ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒപ്പം കരാർ നിരസിക്കാനുള്ള സമ്മർദ്ദങ്ങൾ രാഷ്ട്രീയതലത്തിൽ ശക്തമാണ്. നെതന്യാഹു സ്വന്തം നിലനിൽപ്പാണോ അതോ ബന്ദികളാക്കിയവരുടെ തിരിച്ചുവരവാണോ തിരഞ്ഞെടുക്കുന്നത് എന്ന് കണ്ടറിയണം. നിർദേശങ്ങളെ പോസിറ്റിവായി കാണുന്നുണ്ടെങ്കിലും പദ്ധതി ഹമാസ് അംഗീകരിക്കുമോ എന്നതും ഇപ്പോഴും വ്യക്തമല്ല.

Similar Posts