
'റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നു, ഇവർ എപ്സ്റ്റീന്റെ ഇരകളല്ല': ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ്
|നിയമവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും ബില്‍ ഗേറ്റ്സ്
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിൽ ഖേദം പ്രകടിപ്പിച്ച് ബിൽ ഗേറ്റ്‌സ്. അതേസമയം നിയമവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജീവനക്കാർക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
രണ്ട് റഷ്യൻ യുവതികളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്സ് സമ്മതിച്ചു. തന്റെ ഈ തെറ്റുകൾ ജീവകാരുണ്യ സംഘടനയുടെ സൽപ്പേരിന് മങ്ങലേൽപ്പിച്ചതായി തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ യുവതികളുമായുള്ള ബന്ധം എപ്സ്റ്റീന് അറിയാമായിരുന്നുവെങ്കിലും ഇവർ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ല. ആഗോള ആരോഗ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാൻ എപ്സ്റ്റീൻ സഹായിക്കുമെന്ന് കരുതിയാണ് ബന്ധം നിലനിർത്തിയത്. പ്രമുഖരായ പലരും എപ്സ്റ്റീനൊപ്പം ഉണ്ടായിരുന്നത് കൊണ്ട് അതൊരു സാധാരണ സാഹചര്യമാണെന്ന് താൻ തെറ്റായി കരുതിയെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.
ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരിൽ ബിൽ ഗേറ്റ്‌സും ഉൾപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ മാസം യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമായിരുന്നു. ഇ-മെയിലുകൾ, അഭിമുഖങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകൾ, ചിത്രങ്ങള്‍, കോൾ വിവരങ്ങള്‍ എന്നിവയുൾപ്പെടെയുള്ള വിപുലമായ വിവരങ്ങളാണ് പുറത്തുവന്നത്. സുരക്ഷാ കാരണങ്ങളാൽ ഇതിൽ ചില ഭാഗങ്ങൾ മറച്ചിട്ടുണ്ടെങ്കിലും ഈ രേഖകൾ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണ്.