
photo| AFP
ഗസ്സയില്‍ വെടിനിർത്തല്‍ സാധ്യമായത് നെതന്യാഹുവിന്റെ കൂടി വിജയമെന്ന് സ്റ്റീവ് വിറ്റ്കോഫ്; കൂക്കിവിളിച്ച് ബന്ദികളുടെ ബന്ധുക്കൾ
|ഇന്ന് ഇസ്രായേലിൽ എത്തുന്ന ട്രംപ് തിങ്കളാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും
തെല്‍അവിവ്:അസാധ്യം എന്നു കരുതിയ വെടിനിർത്തലാണ് ട്രംപിന്റെ ഇടപെടൽ വഴി യാഥാർഥ്യമായതെന്ന് യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ്. ഇന്നലെ രാത്രി ഇസ്രായേലിലെ തെൽഅവീവിൽ ബന്ദികളുടെ ബന്ധുക്കൾ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളെല്ലാവരും പ്രസിഡന്റ് ട്രംപിനോട് അഗാധമായ നന്ദിയുള്ളവരായിരിക്കണം എന്ന് സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞപ്പോള്‍ ആളുകള്‍ കൈയടിച്ചു. എന്നാല്‍ ഇത് നെതന്യാഹുവിന്റെ കൂടി വിജയമാണെന്ന് സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞപ്പോൾ ജനക്കൂട്ടം കൂക്കിവിളിച്ചു.ട്രംപ് തന്റെ രാജ്യത്തിനായി എല്ലാം സമർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോഴും ആള്‍ക്കൂട്ടം കൂക്ക് വിളിക്കുകയായിരുന്നു.
ചടങ്ങില്‍ യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജറാദ് കുഷ്നർ, ട്രംപിന്റെ മകൾ ഇവാങ്ക എന്നിവർ സംബന്ധിച്ചു. ഹോസ്റ്റേജ് സ്ക്വയറിൽ നടന്ന റാലിയില്‍ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുകയും ചെയ്തിരുന്നു.ഇന്ന് ഇസ്രായേലിൽ എത്തുന്ന ട്രംപ് തിങ്കളാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും.
അതേസമയം, രണ്ടു വർഷമായി ഹമാസ് തടവിലുള്ള ഇരുപത് ബന്ദികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ. നാളെയാകും ബന്ദിമോചനം. പ്രദർശന സ്വഭാവത്തിലുള്ള പ്രത്യേക ചടങ്ങുകൾ ഇല്ലാതെയാകും ബന്ദികളെ വിട്ടയക്കുക. ചൊവ്വാഴ്ച, ഇസ്രായേൽ തടവറയിലുള്ള ഹമാസിന്റെയും ഫതഹിന്റെയും നേതാക്കളടക്കം 1950 പേരും മോചിതരാകും.
രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നും പലകാര്യങ്ങളിലും ഇതിനകം സമവായമായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ശറമുശ്ശൈഖിൽ അന്താരാഷ്ട്ര ഗസ്സ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന് പുറമെ ഇറ്റലിയുടെയും സ്പെയിനിന്റെയും പ്രധാനമന്ത്രിമാരും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിക്കെത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കില്ല.
അതിനിടെ, എല്ലാം ചാരമായി മാറിയ വടക്കൻ ഗസ്സയുടെ ചിത്രം മടങ്ങിയെത്തിയ ഫലസ്തീനികളിൽ വലിയ നടുക്കവും നോവുമാണ് നിറക്കുന്നത്. ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ച ഭക്ഷ്യസഹായ വിതരണങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. ഗസ്സയിലേക്കുള്ള ഏതാനും അതിർത്തികൾ തുറന്നു. 1.7 ലക്ഷം മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ വൈകാതെ ഗസ്സയിലെത്തിക്കും. ഗസ്സയിൽ തങ്ങൾ അധികാരത്തിൽനിന്ന് മാറിയാലും വൈദേശിക ഭരണം ഒരുനിലക്കും അനുവദിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ അന്താരാഷ്ട്രതലത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു.