< Back
World
ഇസ്രായേൽ നവനാസികൾ: യുഎന്നിലെ പ്രസംഗത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റിനെ ചുംബിച്ച് ബ്രസീൽ പ്രസിഡന്റ്‌
World

'ഇസ്രായേൽ നവനാസികൾ': യുഎന്നിലെ പ്രസംഗത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റിനെ ചുംബിച്ച് ബ്രസീൽ പ്രസിഡന്റ്‌

Web Desk
|
26 Sept 2025 10:50 PM IST

ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ രൂക്ഷമായ ഭാഷയിലായിരുന്നു പെട്രോ തന്റെ പ്രസംഗത്തിൽ വിമർശിച്ചത്.

ന്യൂയോർക്: ഐക്യരാഷ്ട്ര സഭയിൽ ഇസ്രായേലിനെതിരായ രൂക്ഷവിമർശനത്തിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റെ ഗുസ്താവോ പെട്രോയെ ചുംബിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. യുഎൻ ജനറൽ അസംബ്ലിയിൽ പെട്രോയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ലുലയുടെ ചുംബനം. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകുകയും ചെയ്തു.

ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ രൂക്ഷമായ ഭാഷയിലായിരുന്നു പെട്രോ തന്റെ പ്രസംഗത്തിൽ വിമർശിച്ചത്. ഇസ്രായേലിനെ നവനാസികൾ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്.

ഫലസ്തീനെ മോചിപ്പിക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര സൈനിക സേന രൂപീകരിക്കണമെന്നും ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൊളംബിയന്‍ പ്രസിഡന്റിന്റെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തിന്റെ തലയിലാണ് ലുല ഡ സില്‍വ ചുംബിച്ചത്.

കൊളംബിയൻ നേതാവിന്റെ പരാമർശങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ അസാധാരണ പ്രകടനമായാണ് ലുലയുടെ ചുംബനത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ഐക്യരാഷ്ട്രസഭയിലെ മറ്റു പ്രതിനിധികളുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

തന്റെ പ്രസംഗത്തിൽ പലയാവർത്തി ഇസ്രായേലിന്റെ പ്രവർത്തികളെ വംശഹത്യ എന്ന് വിശേഷിപ്പിച്ച പെട്രോ, ഫലസ്തീനിൽ നടക്കുന്നത് ഹോളോകോസ്റ്റിന് സമാനമാണെന്നും വ്യക്തമാക്കി. 2023ൽ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ പലപ്പോഴായി അദ്ദേഹം ഈ താരതമ്യം നടത്തിയിട്ടുണ്ട്.

അതേസമയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രതിഷേധം അരങ്ങേറി. നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികള്‍ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി. ഗസ്സ വംശഹത്യയെ തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്.

Similar Posts