
ആക്രമണമുണ്ടായ പീസ് ഹെവന്‍ മസ്ജിദ് സന്ദര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; മുസ്‌ലിംകളുടെ സംരക്ഷണത്തിന് 10 മില്യൺ പൗണ്ട് ധനസഹായം
|മുസ്‌ലിംകൾക്ക് സമാധാനത്തിലും സുരക്ഷയിലും ജീവിക്കാനാണ് ഫണ്ട് അനുവദിക്കുന്നതെന്ന് സ്റ്റാമെർ പറഞ്ഞു.
ലണ്ടൻ: ബ്രിട്ടീഷ് മുസ്‌ലിംകളുടെ സംരക്ഷണത്തിന് 10 മില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീർ സ്റ്റാമെർ. വിദ്വേഷ കുറ്റകൃത്യത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാനാണ് ഫണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച ആക്രമണം നടന്ന പീസ് ഹെവൻ മസ്ജിദിലെത്തി സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
മുസ്‌ലിംകൾക്ക് സംരക്ഷണം ഉറപ്പാക്കാനും അവർക്ക് സമാധാനത്തിലും സുരക്ഷയിലും ജീവിക്കാനുമാണ് ഫണ്ട് അനുവദിക്കുന്നതെന്ന് സ്റ്റാമെർ പറഞ്ഞു. സഹിഷ്ണുതയും ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാനുമാകുന്ന രാഷ്ട്രമാണ് ബ്രിട്ടനെന്നും ഏതെങ്കിലും സമുദായത്തിനെതിരെയുള്ള ആക്രമണം രാജ്യത്തിനും അതിന്റെ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങളിൽ സുരക്ഷ ഒരുക്കേണ്ടതില്ല, എന്നാൽ അങ്ങനെ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാവുന്നത് ദുഃഖകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മുസ്‌ലിം ആരാധനാലയങ്ങളിലും പ്രാർഥനാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ, അലാം സംവിധാനം, സുരക്ഷാവേലി, സുരക്ഷാ ജീവനക്കാർ എന്നിവ സജ്ജമാക്കാനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.
പള്ളിയുടെ വാതിൽ കത്തിച്ചപ്പോൾ അകത്തു നിന്ന് ഓടിരക്ഷപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കൾ, സംഭവത്തിനുശേഷം അദ്ദേഹം ജോലിയുപേക്ഷിച്ചതായി പ്രധാനമന്ത്രിയോട് പറഞ്ഞു. പള്ളിക്കു നേരെയുണ്ടായ ആക്രമണം ജീവനക്കാരന് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും ഈ പള്ളിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും അവർ വ്യക്തമാക്കി.
സർക്കാർ ധനസഹായത്തെ ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് അകീല അഹമ്മദ് സ്വാഗതം ചെയ്തു. എല്ലാവരും സമാധാനപരമായും ഭയമോ ഭീഷണിയോ ഇല്ലാതെയും ജീവിക്കാൻ അർഹരാണെന്നും അവർ പറഞ്ഞു. സസെക്സ് പൊലീസ് വിദ്വേഷ കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും കൗണ്ടിയിലുടനീളം വിദ്വേഷത്തിന് സ്ഥാനമില്ലെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു.
ഈ മാസം നാലിനായിരുന്നു, ഈസ്റ്റ് സസെക്സിലെ പീസ് ഹെവൻ മസ്ജിദിൽ ആക്രമണമുണ്ടായത്. പള്ളിക്ക് തീവച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവെപ്പിൽ പള്ളിയുടെ പ്രധാന പ്രവേശന കവാടത്തിന് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. സംഭവത്തെ വിദ്വേഷ കുറ്റകൃത്യമെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്.
2024- 2025 വർഷത്തിൽ ബ്രിട്ടനിലെ മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ 19 ശതമാനം വർധിച്ചതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നതായി സർക്കാർ പറയുന്നു. അതേസമയം, മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 44 ശതമാനവും മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ളതാണ്.