
Photo| Ramadan Abed/Reuters
ഗസ്സ: ഇസ്രായേലിന്‍റെ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ കെയ്റോയിൽ രണ്ടാം വട്ട ചർച്ചകൾ തുടങ്ങി
|ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ വൈകരുതെന്ന് ഇസ്രായേലിനോട് യു.എൻ ആവശ്യപ്പെട്ടു
തെൽ അവിവ്: ഗസ്സയിൽ ഇസ്രായേലിന്‍റെ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ കെയ്റോയിൽ രണ്ടാം വട്ട ചർച്ചകൾ തുടങ്ങി. ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ് ഇസ്രായേലിന് കൈമാറി. ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ വൈകരുതെന്ന് ഇസ്രായേലിനോട് യു.എൻ ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാറിന്‍റെ രണ്ടാംഘട്ടം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്നലെ കെയ്റോയിൽ ചേർന്ന യോഗത്തിൽ ഉണ്ടായത്. മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവക്കു പുറമെ യുഎസ് പ്രതിനിധികളും ചർച്ചയിൽ സംബന്ധിച്ചു. ഹമാസ് സഘവുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഈജിപ്ത് സംഘം യോഗത്തെ ധരിപ്പിച്ചു. ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം സംബന്ധിച്ചും മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും വിലയിരുത്തി.
അന്താരാഷ്ട്രസേനയുടെ വിന്യാസം, യുദ്ധാനന്തര ഗസ്സയുടെ ഭരണം, ഹമാസിന്റെ നിരായുധീകരണം എന്നിവയും കെയ്റോ യോഗം ചർച്ച ചെയ്തതായി ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി.ഇനി രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തി കൈമാറാനുള്ളത്. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ വൈകുന്നതും ഹമാസ് പോരാളികളുടെ ഇടപെടലുമാണ് വെടിനിർത്തൽ ലംഘനത്തിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രതികരിച്ചു.
വെടിനിർത്തൽ ഒന്നര മാസം പിന്നിട്ടിട്ടും ഗസ്സയിലേക്ക് ആവശ്യത്തിന് സഹായം എത്താതിരിക്കുന്നതിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക രേഖപ്പെടുത്തി. അതിർത്തികൾ തുറന്ന് പരമാവധി സഹായം ഗസ്സയിൽ ലഭ്യമാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതിനിടെ, ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക കമാൻഡർ ഹൈതം തബ്തബാഇയുടെ സംസ്കാരചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. കൊല്ലപ്പെട്ട മറ്റു രണ്ടു ഹിസ്ബുല്ല അംഗങ്ങളുടെയും മൃതദേഹങ്ങൾ ബൈറൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്ത് ഖബറടക്കി.ഞായറാഴ്ച ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് തബ്തബാഇ കൊല്ലപ്പെട്ടത്.