< Back
World
ഇനി നുഴഞ്ഞ് കയറേണ്ട; അമേരിക്കൻ അതിർത്തി കൊട്ടിയടക്കാനൊരുങ്ങി കാനഡ
World

'ഇനി നുഴഞ്ഞ് കയറേണ്ട'; അമേരിക്കൻ അതിർത്തി കൊട്ടിയടക്കാനൊരുങ്ങി കാനഡ

Web Desk
|
19 Dec 2024 1:47 PM IST

കാനഡ വഴി അമേരിക്കയിലേക്ക് നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നതിൽ അധികവും ഇന്ത്യക്കാർ

ഒട്ടോവ: യുഎസിലേക്ക് വലിയൊരു ശതമാനം ഇന്ത്യക്കാരും എത്തിയത് അനധികൃത കുടിയേറ്റക്കാരായാണ്. മെക്‌സിക്കോയിലുടെയും കാനഡയിലൂടെയും കടൽ വഴിയും രാജ്യത്തെത്തിയ പലരും നിലവിൽ രാജ്യത്തെ പൗരന്മാരാണ്. മെക്‌സിക്കൻ അതിർത്തി കടന്നെത്തുന്നവരെ തടയാൻ മുൻ ട്രംപ് ഭരണകൂടം മതിൽ കെട്ടലും അതിർത്തി സുരക്ഷ ശക്തിപ്പെടുത്തലുമടക്കം നിരവധി പദ്ധതികൾ അവതരിപ്പിച്ചിരുന്നു. ഇത് പല ഇന്ത്യക്കാരെയും അനധികൃത കുടിയേറ്റത്തിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡയായിരുന്നു കുടിയേറ്റത്തിനായി ഇത്തരം ആളുകൾ കണ്ടെത്തിയ മറ്റൊരു വഴി. എന്നാൽ കാനേഡിയൻ അതിർത്തിയിലും കർശന പരിശോധന നടത്താനൊരുങ്ങുകയാണ് കാനഡ എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ജനുവരി 20ന് ട്രംപ് അധികാരമേറ്റെടുക്കുന്നതോടെ കാനഡ തങ്ങളുടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കണമെന്നും അല്ലാത്ത പക്ഷം കാനഡയുടെ ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും ലഹരിപദാർഥങ്ങളുടെ കടത്തും നിയന്ത്രിക്കാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. കാനഡ അതിർത്തി സുരക്ഷയിൽ അയവ് കാണിക്കുന്നെന്നാണ് ട്രംപിന്റെ പ്രധാന വിമർശനം. ഇതിന് പിന്നാലെ കാനഡയെ അമേരിക്കയുടെ ഒരു സംസ്ഥാനമായി ചേർക്കണമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോയെ കാനഡ സംസ്ഥാനത്തിന്റെ ഗവർണർ എന്ന് പറഞ്ഞും ട്രംപ് പരിഹസിച്ചിരുന്നു.

ട്രംപിന്റെ നടപടിക്ക് പിന്നാലെ അതിർത്തി സുരക്ഷയ്ക്കായി 900 മില്യണിന്റെ പദ്ധതി ആരംഭിക്കാനാണ് ട്രൂഡോയുടെ തീരുമാനം. ഇതോടെ കാനഡ വഴി യുഎസിലേക്കുള്ള നുഴഞ്ഞുകയറ്റ പാത അടയുകയാണ്. പ്രധാനമായും ഇന്ത്യക്കാരായിരുന്നു ഈ പാത ഉപയോഗിച്ചിരുന്നത്.

2022ലെ കണക്ക് പ്രകാരം യുഎസിൽ 7,25,000 ഇന്ത്യക്കാരുണ്ട്. ഇതിൽ വലിയൊരു ശതമാനവും അനധികൃത കുടിയേറ്റക്കാരാണ്. 2022ൽ 1,09,535 പേരാണ് യുഎസിലേക്ക് കുടിയേറിയത്. ഇതിൽ 17,000 പേരും ഇന്ത്യക്കാരാണ്. 2023ൽ ഇത് 30,010 ഇന്ത്യക്കാരായി ഉയർന്നു. ഈ വർഷം ഇത് 43,764 പേരായാണ് ഉയർന്നിരിക്കുന്നത്.

Similar Posts