
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
'എഫ്-35 യുദ്ധവിമാനങ്ങൾ വേണ്ട, പകരം അന്വേഷിക്കുന്നു': അമേരിക്കയെ 'നേരിടാനൊരുങ്ങി' കാനഡ
|അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കത്തിനിടെയാണ് കാനഡയുടെ പുതിയ തീരുമാനം.
ടൊറന്റോ: അധികാരമേറ്റടുത്തതിന് പിന്നാലെ അമേരിക്കയുമായി 'ഉടക്കാൻ തന്നെ' തീരുമാനിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രണ്ട് വർഷം മുമ്പ് കരാറായ എഫ്-35 യുദ്ധ വിമാനം വേണ്ടെന്ന നിലപാടാണ് കാനഡ സ്വീകരിക്കുന്നനത്.
എഫ്-35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് അവലോകനം നടത്താനും മറ്റു സാധ്യതകൾ പരിശോധിക്കാനും പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി ബിൽ ബ്ലെയറിനോട് ആവശ്യപ്പെട്ടു. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കത്തിനിടെയാണ് കാനഡയുടെ പുതിയ തീരുമാനം.
കനേഡിയൻ വ്യോമസേനക്ക് വേണ്ടത് എഫ്-35 യുദ്ധവിമാനങ്ങളായിരുന്നു. ആദ്യത്തെ 16 വിമാനങ്ങൾക്കായാണ് കാനഡ ഫണ്ട് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനാണിപ്പോള്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രി നേരിട്ട് തന്നെ ഇടപെട്ട് നിര്‍ദേശിക്കുന്നത്.
എഫ്-35 കരാർ കാനഡയുടെ ഏറ്റവും മികച്ച നിക്ഷേപമാണോ എന്നും കാനഡയുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ കഴിയുന്ന മറ്റ് ഓപ്ഷനുകൾ ഉണ്ടോ എന്നും പ്രധാനമന്ത്രി ആശ്യപ്പെട്ടതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ് സെക്രട്ടറി ലോറന്റ് ഡി കാസനോവ് വ്യക്തമാക്കിയത്.
അതേസമയം എഫ്-35 കരാർ റദ്ദാക്കിയിട്ടില്ലെന്നും മേഖലയിലെ പുതിയ സാഹചര്യം കണക്കിലെടുത്ത് കരാറില്‍ പുനരാലോചന നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയാണ് മൈക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് കാനഡക്കെതിരെ ആദ്യം തിരിഞ്ഞത്. വ്യാപാരയുദ്ധം പ്രഖ്യാപിച്ച ട്രംപ് കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഒരുനിലക്കും അമേരിക്കയുടെ ഭാഗമാകില്ലെന്നാണ് സ്ഥാനമൊഴിഞ്ഞ ജസ്റ്റിൻ ട്രൂഡോയും മാർക്ക് കാർണിയും വ്യക്തമാക്കിയത്.