< Back
World
ഗസ്സയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാ സമിതിയുടെ സംയുക്ത പ്രസ്താവന; വിട്ടുനിന്ന് അമേരിക്ക
World

ഗസ്സയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാ സമിതിയുടെ സംയുക്ത പ്രസ്താവന; വിട്ടുനിന്ന് അമേരിക്ക

Web Desk
|
28 Aug 2025 7:11 AM IST

ഹമാസിനെ തുരത്താനുള്ള അവസാനഘട്ട യുദ്ധത്തിലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഗസ്സസിറ്റി: ഗസ്സയിൽ നിരുപാധികവും സുസ്ഥിരവുമായ വെടിനിർത്തൽ ഉടൻ വേണമെന്ന്​ യുഎൻ രക്ഷാസമിതി. ഗസ്സയിൽ നിരുപാധികവും സമ്പൂർണവുമായ യുദ്ധവിരാമം ഉടൻ വേണമെന്ന്​ യു.എൻ രക്ഷാസമിതിയിലെ അമേരിക്ക ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളും സംയുക്​ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി ചേർന്ന യു.എൻ രക്ഷാ സമിതിയുടെ പ്രത്യേക യോഗം ഗസ്സയിലെ സ്ഥിതിഗതികളിൽ അങ്ങേയറ്റം ആശങ്ക രേഖപ്പെടുത്തി. പട്ടിണിയും പോഷകാഹാര കുറവും മൂലം 41,000 കുഞ്ഞുങ്ങൾ മരണവക്കിലാണെന്ന്​ രക്ഷാസമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പട്ടിണി ആയുധമാക്കുന്നത്​ അന്താരാഷ്ട്ര നിയമം വിലക്കിയതാണെന്ന്​ രക്ഷാസമിതി ഇസ്രായേലിനെ ഓർമിപ്പിച്ചു.

മുഴുവൻ ബന്ദികളെയും നിരുപാധികം വിട്ടയക്കണമെന്ന്​ രക്ഷാസമിതി ഹമാസിനോടും ആവശ്യപ്പെട്ടു. അതിനിടെ, ഗസ്സയിൽ 10 പേർ കൂടി പട്ടിണി മൂലം കൊല്ലപ്പെട്ടു. ഇതോടെ പട്ടിണിക്കൊലക്ക്​ ഇരകളായവരുടെ എണ്ണം 319 ആയി. ഇവരിൽ 119 പേർ കുട്ടികളാണ്​. വിവിധ ആക്രമണങ്ങളിലായി 51 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ഇവരിൽ സഹായം തേടിയെത്തിയ 12 പേരും ഉൾപ്പെടും. ഗസ്സ സിറ്റിക്ക്​ നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ വൻതോതിലുള്ള സിവിലിയൻ കുരുതിക്ക്​ വഴിയൊരുക്കുമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ്​ പറഞു. ഗസ്സയിലെ യുദ്ധം അവസാന ഘട്ടത്തിലാണെന്നും ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതിൽ രാജ്യം വിജയം വരിക്കുമെന്നും ഇ​സ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്​തമാക്കി.

ബന്ദികളുടെ മോചനത്തിന്​ ഹമാസുമായി കരാറിൽ എത്തണമെന്നാവശ്യപ്പെട്ട്​ രാജ്യത്തുടനീളം പ്രക്ഷോഭം ശക്​തിയാർജിക്കുന്നതിനിടെയാണ്​ നെതന്യാഹുവിന്‍റെ പ്രതികരണം. ജറൂസലമിലെ നെതന്യാഹുവിന്‍റെ വസതിക്ക്​ മുന്നിൽ ബന്ദികളുടെ ബന്​ധുക്കൾ ഉൾപ്പെടെ ആയിരങ്ങൾ പ്രതിഷേധിച്ചു. അധിനിവിഷ്ട വെസ്റ്റ്​ ബാങ്കിലെ നബുലസ്​ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 80 ഫലസ്തീനികൾക്ക്​ പരിക്കേറ്റു​.

Similar Posts