
'ടിക് ടോക്കും ഇൻസ്റ്റാഗ്രാമും മാറ്റിവെക്കു'; സ്കൂളുകളിൽ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്താനൊരുങ്ങി ചിലി
|സ്കൂൾ സമയം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാനുള്ള അനുമതി വിദ്യാർഥികൾക്ക് ലഭിക്കുക
സാന്റിയാഗോ: സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്താനൊരുങ്ങി ചിലിയിലെ പ്രാദേശിക സർക്കാർ. കഴിഞ്ഞമാസം ചിലിയിലെ ലോ ബാർണിച്ചിയ ബിസെന്റനാരിയോ സ്കൂളിലാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്.
ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളെ മാറ്റിവെക്കാൻ ഭരണകൂടം വിദ്യാർഥികളോട് ആവശ്യപ്പെട്ടു. 'ഡിജിറ്റൽ ഡിറ്റോക്സ്' എന്ന പേരിൽ നടപ്പാക്കിയ പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചിലിയിലെ ഭരണകൂടം പറഞ്ഞു. നിലവിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നിരോധനം ബാധകമാകുക.
സ്കൂൾ സമയത്ത് മൊബൈൽ ഫോണുകൾ ഒരു പ്രത്യേക പെട്ടിയിൽ അടച്ചുവെക്കണം. സ്കൂൾ സമയം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാനുള്ള അനുമതി വിദ്യാർഥികൾക്ക് ലഭിക്കുക.
പദ്ധതി നടപ്പാക്കിയതോടെ വിദ്യാർത്ഥികൾ വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ വിനോദങ്ങളിലേർപ്പെടാൻ ആരംഭിച്ചു. മറ്റു ചില വിദ്യാർഥികൾ ലൈബ്രറിയിൽ പോകാനും സഹപാഠികളുമായി സല്ലപിക്കാനും ആരംഭിച്ചതായി ലോ ബാർണിച്ചിയ ബിസെന്റനാരിയോ സ്കൂൾ പ്രിൻസിപ്പൾ ഹുംബർട്ടോ ഗരിഡൊ പറഞ്ഞു. കുട്ടികളെല്ലാം വളരെ സന്തോഷവാന്മാരാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
2023ലെ കണക്ക് പ്രകാരം ചിലിയിലെ പകുതിയിലധികം വിദ്യാർഥികളും മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ചിലിയിൽ നിന്നാണ്.