< Back
World
ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന
World

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന

Web Desk
|
27 Dec 2024 8:04 PM IST

137 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങി ചൈന. ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിലാണ് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ചൈന അനുമതി നല്‍കിയത്. ഇത് ഇന്ത്യയിലേയും ബംഗ്ലാദേശിലേയും നദീതിരത്തുള്ള സംസ്ഥാനങ്ങളിൽ ആശങ്ക ഉയര്‍ത്തുകയാണ്.

ബ്രഹ്മപുത്രയുടെ ടിബറ്റന്‍ നാമമായ 'യാര്‍ലുങ് സാങ്ബോ' നദിയുടെ താഴ്വരയിലാണ് പദ്ധതി വരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 137 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്. പദ്ധതിയിലൂടെ പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിലൂടെ 30 കോടി ജനങ്ങൾക്ക് വൈദ്യുതി നൽകാൻ കഴിയുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

അതേ സമയം ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി തുടർച്ചയായി ഭൂകമ്പങ്ങളനുഭവപ്പെടുന്ന പ്രദേശമാണ്. ഇവിടെ ഇത്രയും വലിയ അണക്കെട്ട് പണിയുന്നത് പാരിസ്ഥിതികാഘാതത്തിനും ഭൂകമ്പത്തിനും ആക്കംകൂട്ടുമെന്നതാണ് ഇന്ത്യയുടെ ആശങ്ക. എന്നാൽ പദ്ധതിക്ക് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.

ബ്രഹ്മപുത്രനദി അരുണാചൽപ്രദേശിലേക്കും ബംഗ്ലാദേശിലേക്കും യു ആകൃതിയിൽ വളഞ്ഞൊഴുകുന്ന ഹിമാലയൻപ്രദേശത്തെ മലയിടുക്കിലാണ് അണക്കെട്ട് നിർമിക്കുന്നത്. 2020ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം അംഗീകരിച്ച 14-ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് അണക്കെട്ടിന്റെ നിർമാണം.

വൈദ്യുതി ഉൽപ്പാദനത്തിനായി ടിബറ്റിലെ ഏറ്റവും നീളം കൂടിയ നദിയായ യാര്‍ലുങ് സാങ്പോയുടെ ഒഴുക്ക് വഴിതിരിച്ചുവിട്ടുകൊണ്ട് 'നംച ബര്‍വ' പര്‍വതത്തിലൂടെ 20 കിലോമീറ്റര്‍ നീളമുള്ള നാല് തുരങ്കങ്ങളെങ്കിലും ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ചൈനയിലെ നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ 'ത്രീ ഗോർജസിനെ' മറികടക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു.

Related Tags :
Similar Posts