
ഒറ്റവർഷം കൊന്നുതള്ളിയത് 60 ലക്ഷം കഴുതകളെ; ചൈനയുടെ പ്രശ്നമെന്ത്?
|ഇക്കഴിഞ്ഞ ജൂണിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന The Donkey Sanctuary എന്ന എൻജിഒയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്
ഒരു രാജ്യം, അവരുടെ പരമ്പരാഗത നാട്ടുമരുന്നിന്റെ ഉത്പാദനത്തിനായി ഓരോവർഷവും കൊന്നുതള്ളുന്നത് 60 ലക്ഷം കഴുതകളെയാണ്. പറഞ്ഞാൽ വിശ്വസിക്കുമോ?എന്ന സംഗതി സത്യമാണ്. എജിയോ എന്നൊരു മരുന്നിന്റെ ഉത്പാദനത്തിന് വേണ്ടി നമ്മുടെ അയൽരാജ്യമായ ചൈനയാണ് ഈ ക്രൂരകൃത്യം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
ആവശ്യത്തിന് അനുസൃതമായി കഴുതകൾ ചൈനയിൽ ലഭ്യമാകാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും നടക്കുന്നുണ്ട്. അത്തരത്തിൽ ആഗോളതലത്തിൽ തന്നെ കഴുതകളുടെ നിലനിൽപ്പിന് ഭീഷണിയാകുംവിധം തുടരുകയാണ് ചൈനയുടെ ഈ മരുന്ന് നിർമാണം.
കഴുതകളുടെ തോലിൽനിന്ന് ചൈനക്കാർ ഉത്പാദിപ്പിക്കുന്ന ഒരു പരമ്പരാഗത മരുന്നാണ് എജിയോ. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും കഴുതത്തോലിലെ ജെലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന എജിഒ എന്ന മരുന്നിന് ചൈനയിലും പുറത്തും ആവശ്യക്കാർ ഏറെയാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വിളർച്ച പോലുള്ള അസുഖങ്ങൾ ഭേദമാക്കാനും ഈ മരുന്ന് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. 2013ൽ 3200 ടൺ എജിഒ ആണ് ചൈന ഉത്പാദിപ്പിച്ചിരുന്നതെങ്കിലും 2021 ആയപ്പോഴേക്കുമത് 15700 ടണ്ണായിട്ടാണ് വർധിച്ചത്. ഏകദേശം 390 ശതമാനത്തിന്റെ വർധന. 2027 ആകുമ്പോഴേക്കും ഇത് വീണ്ടും വർധിച്ച് 18000 ടണ്ണിലേക്ക് എത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്
ഇക്കഴിഞ്ഞ ജൂണിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന The Donkey Sanctuary എന്ന എൻജിഒയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. ചൈനയിൽ വലിയതോതിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു കച്ചവടശൃംഖല കൂടിയാണ് എജിയോ. ഈ വ്യവസായം കുതിച്ചുയരുമ്പോൾ മറുഭാഗത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ചൈനയിലെ കഴുതകളുടെ നിലനിൽപ്പാണ് എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. 1990ൽ 11 ദശലക്ഷം ഉണ്ടായിരുന്ന കഴുതകളുടെ എണ്ണം 2023 എത്തിയപ്പോഴേക്ക് 15 ലക്ഷത്തിലേക്ക് വീണു എന്നിടത്ത് അതിന്റെ ഭീകരത കൂടിയാണ് വ്യക്തമാകുന്നത്.
ആവശ്യക്കാർ വർധിക്കുകയും ആവശ്യത്തിന് കഴുതകൾ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നാണ് കഴുതകളെ ചൈനയിലേക്ക് എത്തിക്കുന്നത്. നല്ല വില കിട്ടുന്നതിനാൽ ഗർഭിണികളും കുട്ടികളുമായ കഴുതകളെ വരെ ഇതിനായി ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഇത് ലോകമെമ്പാടുമുള്ള കഴുതകളുടെ എണ്ണത്തിലും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഈജിപ്തിൽ, കഴുതകളുടെ എണ്ണം 1990-കളിൽ 31 ലക്ഷമാണെങ്കിൽ 2020ൽ അത് പത്തുലക്ഷമായിട്ടാണ് കുറഞ്ഞത്. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലും ഇതേ രീതിയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിലെല്ലാം സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ജീവസന്ധാരണത്തിന് കൂടിയാണ് ഇവ തിരിച്ചടിയാകുന്നത്. ദുർബല വിഭാഗങ്ങളുടെ യാത്ര സൗകര്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കും കഴുതകൾ വലിയ തോതിൽ സഹായകമാകുന്നുണ്ട്. എന്നാൽ ചൈനയിൽ കഴുതകൾക്കുള്ള ആവശ്യക്കാർ വർധിച്ചതോടെ ഇവയെയെല്ലാം കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇതോടെ ദുർബല വിഭാഗങ്ങളുടെ ഉപജീവനം കൂടിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2024-ൽ ആഫ്രിക്കൻ യൂണിയൻ കഴുതകളുടെ കയറ്റുമതിക്ക് ഭൂഖണ്ഡം മുഴുവൻ നിരോധനം ഏർപ്പെടുത്തിയെങ്കിലും, പല രാജ്യങ്ങളിലും കഴുതത്തോലുകളുടെ നിയമവിരുദ്ധ കയറ്റുമതിയിൽ വൻ വർദ്ധനവിനുള്ളത്. ഇവിടങ്ങളിൽ കഴുതകളുടെ മോഷണവും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ചൈനയുടെ ഏറ്റവും പുതിയ വിപണിയായ പാകിസ്ഥാനിൽ ഒരു കഴുതയുടെ വില ഈ വർഷം ജൂണിൽ 2 ലക്ഷം രൂപയായി ഉയർന്നതായി വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത എന്നതിന് പുറമെ ഇത്തരം സാമൂഹ്യമായ പ്രശ്നം കൂടിയാണ് ഇത് ഉണ്ടാക്കുന്നത്.