< Back
World
ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന
World

ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

Web Desk
|
2 Nov 2022 1:11 PM IST

ഫോക്സ്കോണ്‍ കമ്പനിയില്‍ നിന്നും തൊഴിലാളികള്‍ രക്ഷപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാതിരിക്കാനാണ് ബുധനാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ചൈന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഐഫോണ്‍ ഫാക്ടറിയായ ഫോക്സ്കോണ്‍ കമ്പനിയില്‍ നിന്നും തൊഴിലാളികള്‍ രക്ഷപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാതിരിക്കാനാണ് ബുധനാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

കോവിഡ്-പ്രതിരോധ വോളണ്ടിയർമാരും അവശ്യ തൊഴിലാളികളും ഒഴികെയുള്ളവര്‍ കോവിഡ് പരിശോധനകൾക്കും അടിയന്തര വൈദ്യചികിത്സയ്ക്കും അല്ലാതെ അവരുടെ വീടുകള്‍ വിട്ടുപോകരുതെന്ന് സെൻട്രൽ ചൈനയിലെ ഷെങ്‌ഷോ എയർപോർട്ട് ഇക്കണോമി സോണിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തെ തുടർന്ന് ഫോക്സ്കോണ്‍ കമ്പനിയിലെ നിരവധി തൊഴിലാളികളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രക്ഷപ്പെട്ടവർ പലരും കിലോമീറ്ററുകളോളം കാൽനടയായാണ് വീട്ടിലേക്ക് പോയത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌നാപ്പ് ലോക്ഡൗണുകൾ, മാസ് ടെസ്റ്റിംഗ്, ദൈർഘ്യമേറിയ ക്വാറന്‍റൈനുകള്‍ തുടങ്ങിയ നടപടികളിലൂടെ വൈറസിനെ തുരത്താനുള്ള പോരാട്ടത്തിലാണ് ചൈന. ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. പ്രധാനപ്പെട്ട സംരംഭങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. അല്ലാത്തവര്‍ 'വര്‍ക്ക് ഫ്രം ഹോം' രീതി പിന്തുടരണമെന്നാണ് നിര്‍ദേശം. മെഡിക്കൽ വാഹനങ്ങളും അവശ്യ സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തുകളിൽ അനുവദിക്കൂ. ഷെങ്‌സോ ജില്ലയിലെ 600,000-ത്തിലധികം നിവാസികൾ എല്ലാ ദിവസവും ന്യൂക്ലിക് ആസിഡ് ടെസ്റ്റുകൾക്ക് വിധേയമാകണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

ഫോക്‌സ്‌കോൺ തൊഴിലാളികളോട് വീട്ടിലേക്ക് മടങ്ങുകയാണെങ്കിൽ രജിസ്റ്റർ ചെയ്യാനും ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സമയത്ത് ഫാക്ടറിയിൽ തുടരാൻ തയ്യാറുള്ള ജീവനക്കാർക്ക് ബോണസ് നാലിരട്ടിയാക്കുമെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസവും ചൈനയിൽ 2000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഷെങ്‌ഷൗ സ്ഥിതി ചെയ്യുന്ന ഹെനാൻ പ്രവിശ്യയിൽ ബുധനാഴ്ച 359 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Similar Posts