< Back
World
ഫിലിപ്പീൻസ് ബോട്ടിനെ പിന്തുടരുന്നതിനിടെ സ്വന്തം കപ്പലിൽ ഇടിച്ച് ചൈനീസ് യുദ്ധക്കപ്പൽ; വീഡിയോ
World

ഫിലിപ്പീൻസ് ബോട്ടിനെ പിന്തുടരുന്നതിനിടെ സ്വന്തം കപ്പലിൽ ഇടിച്ച് ചൈനീസ് യുദ്ധക്കപ്പൽ; വീഡിയോ

Web Desk
|
12 Aug 2025 11:58 AM IST

അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

മനില: ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസ് ബോട്ടിനെ പിന്തുടരുന്നതിനിടെ ചൈനീസ് യുദ്ധക്കപ്പൽ സ്വന്തം തീരസംരക്ഷണ സേന കപ്പലുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഫിലിപ്പൈൻ തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ സ്കാർബറോ ഷോളിലെ മത്സ്യത്തൊഴിലാളികൾക്ക് സഹായം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. അപകടം ചൈനീസ് യുദ്ധക്കപ്പലിന്‍റെ മുൻവശത്തെ ഡെക്കിൽ സാരമായ നാശനഷ്ടം ഉണ്ടാക്കിയതായി കൊമോഡോർ ജെയ് തരിയേല പറഞ്ഞു. ഫിലിപ്പീൻസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ചൈന കോസ്റ്റ് ഗാർഡ് കപ്പലും മറ്റൊരു വലിയ കപ്പലും ഉയർന്ന ശബ്ദത്തോടെ കൂട്ടിയിടിക്കുന്നതായി കാണിച്ചു.

അതേസമയം ഒരു ഏറ്റുമുട്ടൽ നടന്നതായി ചൈനയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫിലിപ്പീൻസ് കപ്പൽ, ചൈനീസ് ജലാശയത്തിലേക്കു നിർബന്ധിതമായി കടന്നുകയറിയെന്ന് ചൈന ആരോപിച്ചു. എന്നാൽ കൂട്ടിയിടിയെക്കുറിച്ച് പരാമർശിച്ചില്ല. 2012-ൽ ചൈന പിടിച്ചെടുത്തതുമുതൽ, പവിഴപ്പുറ്റുകളുടെയും പാറകളുടെയും ത്രികോണ ശൃംഖലയായ സ്കാർബറോ ഷോൾ, ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു സംഘർഷ കേന്ദ്രമാണ്.

ചൈനയും ഫിലിപ്പീൻസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രദേശിക തർക്കത്തിന്‍റെ കേന്ദ്രബിന്ദുവാണ് ദക്ഷിണ ചൈനാ കടൽ. ശാന്തസമുദ്രത്തിന്റ ഭാഗമാണ് ദക്ഷിണ ചൈനക്കടല്‍. ഇവിടം തിരക്കേറിയ കപ്പല്‍ ഗതാഗതത്തിനു പേരുകേട്ടതാണ്. അടിത്തട്ടിലുള്ള വന്‍ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇതാണ് തെക്കന്‍ ചൈനാക്കടലില്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്.

വൻതോതിൽ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈന കടല്‍ മേഖലയില്‍ വര്‍ഷങ്ങളായി സമുദ്ര ഭാഗത്തിനുമേല്‍ ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ്. ചൈനക്ക് പുറമെ വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും അവകാശ വാദങ്ങളുമായി രംഗത്തുണ്ട്. ചൈനയ്ക്ക് ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവം അധികാരവും ഇല്ലെന്ന് നേരത്തെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ ചൈന വിധി തള്ളിക്കളഞ്ഞിരുന്നു.

Similar Posts