< Back
World
രണ്ടും കൽപ്പിച്ച് ട്രംപ്; ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി
World

രണ്ടും കൽപ്പിച്ച് ട്രംപ്; ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി

Web Desk
|
16 April 2025 3:01 PM IST

ചൈന ചുമത്തിയ സമീപകാല കയറ്റുമതി നിയന്ത്രണങ്ങൾക്കും പ്രതികാര താരിഫുകൾക്കും മറുപടിയായാണ് പുതിയ നീക്കം

വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയത്. ഇതോടെ അമേരിക്കയും ചൈനയും തമ്മിൽ തുടർന്നുകൊണ്ടിരിക്കുന്ന വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച വൈകി പുറത്തിറക്കിയ ഉത്തരവിലാണ് അറിയിപ്പുള്ളത്. ചൈന ചുമത്തിയ സമീപകാല കയറ്റുമതി നിയന്ത്രണങ്ങൾക്കും പ്രതികാര താരിഫുകൾക്കും മറുപടിയായാണ് പുതിയ നീക്കം.

"പ്രതികാര നടപടികളുടെ ഫലമായി ചൈന ഇപ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 245% വരെ തീരുവ നേരിടുന്നു," വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് നിർണായകമായ ഘടകങ്ങളായ ഗാലിയം, ജെർമേനിയം, ആന്റിമണി എന്നിവയുൾപ്പെടെയുള്ള സുപ്രധാന ഹൈടെക് വസ്തുക്കൾക്ക് ചൈന മനഃപൂർവ്വം നിയന്ത്രണം ഏർപ്പെടുത്തിയതായി യുഎസ് ആരോപിച്ചു. അടുത്തിടെ, ആറ് ഹെവി റെയർ എർത്ത് ലോഹങ്ങളുടെയും റെയർ എർത്ത് കാന്തങ്ങളുടെയും കയറ്റുമതി ചൈന താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

യുഎസില്‍ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മില്‍ താരിഫ് യുദ്ധത്തിൽ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്ക തുടങ്ങിവെച്ച 'യുദ്ധത്തിന്' ചൈനയും അതേ നാണയത്തിലാണ് തിരിച്ചടിക്കുന്നത്. നേരത്തെ മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രഖ്യാപിച്ച തീരുവയില്‍ 90 ദിവസത്തേക്ക് അമേരിക്ക ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൈനക്ക് ബാധകമാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. അമേരിക്കയുമായി വ്യാപാരയുദ്ധം നടത്താൻ മടിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts