< Back
World
Chinies Authorities arrested 18 Beijing Zion Church Leaders

Photo| Special Arrangement

World

ചൈനയിൽ ക്രൈസ്തവ സഭയ്ക്കെതിരെ വേട്ട തുടരുന്നു; ബീജിങ് സിയോൺ ചർച്ചിൻ്റെ 18 നേതാക്കൾ അറസ്റ്റിൽ

Web Desk
|
22 Nov 2025 12:35 PM IST

ഒക്ടോബർ ഒമ്പതിന് ഗ്വാങ്‌സിയിലെ ബെയ്‌ഹായിയിൽ നിന്നാണ് സിയോൺ ചർച്ച് അംഗങ്ങൾക്കെതിരെ പൊലീസ് നടപടിയാരംഭിച്ചത്.

ബീജിങ്: ക്രൈസ്തവ സഭകൾക്കെതിരെ നടപടി തുടർന്ന് ചൈന. ബീജിങ് സിയോൺ ചർച്ചയിലെ 18 നേതാക്കളെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ അവകാശ സംഘടനയായ ചൈന എയ്‌ഡാണ് ഇക്കാര്യം അറിയിച്ചത്. വിവര വിനിമയ ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന പേരിലാണ് നടപടിയെന്നും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചൈന എയ്ഡ് പ്രസിഡന്റ് ബോബ് ഫു പറഞ്ഞു. പരമാവധി മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

രജിസ്റ്റർ ചെയ്യാത്ത സഭകളെ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ ഓപ്പറേഷന്റെ ഭാഗമായാണ് നടപടിയെന്ന് ദി എപോക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും എന്നാൽ അതിന് വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന പ്രധാന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സഭയാണ് ബീജിങ് സിയോൺ ചർച്ച്. വിവര വിനിമയ ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന ആരോപണം, കമ്യൂണിസ്റ്റ് സർക്കാരിന്റെ നിയന്ത്രണത്തിന് വഴങ്ങാൻ വിസമ്മതിക്കുന്ന ക്രിസ്ത്യൻ നേതാക്കളെ നിശബ്ദരാക്കാൻ ചൈന കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

ഒക്ടോബർ ഒമ്പതിന് ഗ്വാങ്‌സിയിലെ ബെയ്‌ഹായിയിൽ നിന്നാണ് സിയോൺ ചർച്ച് അംഗങ്ങൾക്കെതിരെ പൊലീസ് നടപടിയാരംഭിച്ചത്. തുടർന്ന് പ്രമുഖ പാസ്റ്റർ മിങ്‌രി എസ്ര ജിൻ എന്ന ജിൻ മിങ്‌രിയെയും മറ്റ് 30 പാസ്റ്റർമാരെയും ശുശ്രൂഷകരെയും കോൺഗ്രഗന്റുമാരെയും ഷാങ്ഹായ്, ഷെജിയാങ്, ഷാൻഡോങ്, ഗ്വാങ്‌ഡോങ്, ഗ്വാങ്‌സി, ഹൈനാൻ എന്നിവിടങ്ങളിൽ നിന്നായി പിടികൂടി. ഇവരുടെ അറസ്റ്റിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡവും വിമർശനമുന്നയിച്ചിരുന്നു.

നടപടിയുടെ ഭാ​ഗമായി ഒരു തടവുകാരന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു. നേരത്തെ തടവുകാരെ ബെയ്‌ഹായിലെ ഒന്നാം നമ്പർ, രണ്ടാം നമ്പർ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരുന്നു. നാലുപേരെ ജാമ്യത്തിൽ വിട്ടയച്ചു. സ്വതന്ത്ര ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാനുള്ള കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിന്റെ നീക്കത്തിന്റെ ഭാ​ഗമാണിതെന്നാണ് അവകാശ സംഘടനകളുടെ ആരോപണം.

2007ൽ പാസ്റ്റർ ജിൻ മിങ്‌രി സ്ഥാപിച്ചതാണ് ബീജിങ് ക്രിസ്ത്യൻ ചർച്ച്. ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയെ തുടർന്ന് മതം മാറിയ ശേഷമാണ് ജിൻ മിങ്‌രി ബീജിങ് സിയോൺ ചർച്ച് സ്ഥാപിച്ചത്. 50 നഗരങ്ങളിലായി 5000 അംഗങ്ങളുള്ള സഭയായി വളർന്നതോടെയാണ് ചൈനീസ് ഭരണകൂടം സഭയെ വേട്ടയാടുന്നത്. സഭയെ പാർട്ടി നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അതിനോട് വിയോജിക്കുകയും വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തതാണ് തങ്ങൾ ചെയ്തതെന്ന് സഭാ നേതൃത്വം പറയുന്നു.

2018ൽ ചൈനീസ് സർക്കാർ പള്ളിയുടെ പ്രധാന കെട്ടിടം അടച്ചുപൂട്ടുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ശേഷം ഓൺലൈനായാണ് സഭ പ്രവർത്തിച്ചിരുന്നത്. എന്നാൽ, അനുമതിയില്ലാതെ ഓൺ‌ലൈനായി പോലും സഭയ്ക്ക് പ്രസം​ഗങ്ങൾക്ക് വിലക്കുണ്ട്.

Similar Posts