< Back
World
അമേരിക്കയിലെ അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെയുള്‍പ്പെടെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക
World

അമേരിക്കയിലെ അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെയുള്‍പ്പെടെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക

Web Desk
|
18 Feb 2025 4:42 PM IST

ഇന്ത്യയിൽ നിന്നും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തിൽ ബുധനാഴ്ച കോസ്റ്റാറിക്കയിൽ എത്തിക്കും

സാൻ ഹോസെ: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക. കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നടപടിക്ക് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ളവരായിരിക്കും രാജ്യത്ത് എത്തുകയെന്നും കോസ്റ്റാറിക്ക അറിയിച്ചിട്ടുണ്ട്.

പനാമയ്ക്കും ഗ്വാട്ടിമലയ്ക്കും പിന്നാലെയാണ് കോസ്റ്റാറിക്കയും അനധികൃത കുടിയേറ്റക്കാർക്ക് താത്കാലിക അഭയമൊരുക്കാൻ സന്നദ്ധത അറിയിച്ചത്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തിൽ ബുധനാഴ്ച കോസ്റ്റാറിക്കയിൽ എത്തിക്കും.

യുഎസ് വിമാനത്തില്‍ കോസ്റ്റാ റീക്കയിലെത്തിക്കുന്ന അനധികൃത കുടിയേറ്റക്കാരെ ആദ്യം പാനമ അതിര്‍ത്തിക്കടുത്തുള്ള ഒരു താല്‍ക്കാലിക മൈഗ്രന്റ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. തുടര്‍ന്ന് ഇവരെ അവരവരുടെ ജന്മദേശങ്ങളിലേക്ക് അയക്കും. പൂര്‍ണമായും അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കുടിയേറ്റക്കാരെ കോസ്റ്ററീക്കയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) നിയന്ത്രണത്തിലാകുമെന്നാണ് വിവരം.

നേരത്തെ പാനമയും ഗ്വാട്ടിമലയും അമേരിക്കയുമായി സമാനമായ കരാർ ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പനാമയിലേക്ക് കഴിഞ്ഞ ആഴ്ച 119 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക അയച്ചിരുന്നു. ചൈന, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പനാമയിലേക്ക് മാറ്റിയത്.

Similar Posts