< Back
World
തായ്‌ലൻഡിൽ അതിവേഗ റെയിൽ പാത നിര്‍മാണത്തിനിടെ ക്രെയിൻ പാളത്തിലേക്ക് വീണു; ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പാളം തെറ്റി 32 മരണം
World

തായ്‌ലൻഡിൽ അതിവേഗ റെയിൽ പാത നിര്‍മാണത്തിനിടെ ക്രെയിൻ പാളത്തിലേക്ക് വീണു; ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പാളം തെറ്റി 32 മരണം

ലിസി. പി
|
15 Jan 2026 7:56 AM IST

പാളത്തിലേക്ക് വീണ ക്രെയിനില്‍ ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു

സിഖിയോ: വടക്കുകിഴക്കൻ തായ്‌ലൻഡിൽ അതിവേഗ റെയിൽ നിര്‍മാണത്തിനിടെ ക്രെയിൻ പാളത്തിലേക്ക് പതിച്ച് ട്രെയിന്‍ പാളം തെറ്റി 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബുധാനാഴ്ചയാണ് അപകടം നടന്നത്.

ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള നഖോൺ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് അപകടം നടന്നത്. ബാങ്കോക്കില്‍ നിന്ന് ഉബോൺ റാറ്റ്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. യാത്രാ ട്രെയിനില്‍ 195 പേർ ഉണ്ടായിരുന്നതായി ഗതാഗത മന്ത്രി ഫിഫത് രത്ചകിത്പ്രകർൺ പ്രസ്താവനയിൽ പറഞ്ഞു.അപകടത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.

ക്രെയിൻ തകർന്നു വീഴുന്ന സമയത്ത് അതുവഴി കടന്നുപോകുന്ന ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്.പിന്നാലെ ട്രെയിന്‍ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു.മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തായ്‌ലൻഡ് സ്റ്റേറ്റ് റെയിൽവേയോട് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ ആവശ്യപ്പെട്ടു.

തായ്‌ലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന നിരവധി അതിവേഗ റെയിൽ പദ്ധതികളിൽ ഒന്നാണ് എലിവേറ്റഡ് ഹൈ-സ്പീഡ് റെയിൽ പദ്ധതി. ബാങ്കോക്കിനെ ചൈനീസ് നഗരമായ കുൻമിങ്ങുമായി ബന്ധിപ്പിക്കുന്ന അന്തർദേശീയ അതിവേഗ റെയിൽ പദ്ധതിയാണിത്.

ബാങ്കോക്കിനെ നഖോൺ റാറ്റ്ചസിമയുമായി ബന്ധിപ്പിക്കുന്ന സെഗ്‌മെന്റിന്റെ മൂന്നിലൊന്ന് നിർമ്മാണം പൂർത്തിയായതായും ലാവോസിന്റെ അതിർത്തിയിലുള്ള നോങ് ഖായിയിലേക്കുള്ള മുഴുവൻ പാതയും 2030 ഓടെ തയ്യാറാകുമെന്നും സർക്കാർ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അതേസമയം, ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിന്‍റെ സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.

Similar Posts