
മീൻ പിടിക്കുന്നതിനിടെ ചൂണ്ടയിൽ കുടുങ്ങിയത് മുതല; 14കാരന് ഗുരുതര പരിക്ക്
|കാലിലും വയറിലും ഗുരുതര പരിക്കേറ്റ കുട്ടിയെ കെയ്റൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ക്വീൻസ്ലാൻഡ്: മുതലയുടെ ആക്രമണത്തിൽ 14കാരന് ഗുരുതര പരിക്ക്. ഓസ്ട്രേലിയയിലെ വടക്കൻ മേഖലയായ ക്വീൻസ്ലാൻഡിലാണ് സംഭവം. കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് 14കാരന്റെ ചൂണ്ടയിൽ മുതല കുരുങ്ങിയത്.
അയൽവാസികൾക്കൊപ്പം വേലിയേറ്റ സമയത്ത് ബീച്ചിൽ മീൻ പിടിക്കുകയായിരുന്നു 14കാരൻ. ഈ സമയത്താണ് മുതലയുടെ ആക്രമണം ഉണ്ടായത്. കാലിലും വയറിലുമായി ഗുരുതര പരിക്കേറ്റ 14കാരനെ കെയ്റൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ ആക്രമിച്ച ശേഷം കടലിലേക്ക് പോയ മുതലയെ കണ്ടെത്താൻ ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
വേലിയേറ്റ സമയത്ത് നിരവധിപേർ മീൻപിടിക്കാനെത്തുന്ന മൈൽ ബീച്ചിലാണ് അപകടമുണ്ടായത്. നോർത്ത് കെയ്റൻസിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള കേപ് ട്രൈബുലേഷൻ തീരദേശ സമൂഹത്തിലെ അംഗമാണ് മുതലയുടെ ആക്രമണത്തിനിരയായത്. മേഖലയിൽ മുതലയ്ക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ ബീച്ചിൽ മുതലയുടെ ആക്രമണ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ ഒക്ടോബർ മാസം മുതലകളുടെ പ്രജനന കാലമാണ്. ഈ സമയത്ത് ഇവ കൂടുതൽ ആക്രമകാരികളാവുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആൺ മുതലകളാണ് ഈ സമയത്ത് അക്രമകാരികളാവുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപ് കേപ് ട്രൈബുലേഷൻ മേഖലയിൽ നാല് തവണയാണ് മുതലകളെ കണ്ടെത്തിയത്.