< Back
World
Danish petition supporting plan to buy California ‘reaches 200,000 signatures’
World

ട്രംപിന് ചെക്ക്; കാലിഫോർണിയ വാങ്ങുമെന്ന് ഡെന്മാർക്ക്, ക്യാംപെയ്‌നിന് പിന്നിലെന്ത്?

Web Desk
|
13 Feb 2025 10:37 AM IST

"ട്രംപിന് കാലിഫോർണിയയെ വലിയ താല്പര്യമൊന്നുമില്ല, നല്ല വില കിട്ടിയാൽ ട്രംപ് കാലിഫോർണിയ വിൽക്കും"

യുഎസ് പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് മുന്നോട്ടുവച്ച പല പ്രഖ്യാപനങ്ങളും വലിയ രീതിയിൽ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. കാനഡയെ 51ാമത് യുഎസ് സ്റ്റേറ്റ് ആക്കുമെന്നും ഗസ്സ യുഎസിന്റെ അധീനതയിലാക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിയും വന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് അമേരിക്ക നേരിട്ടത്.

ഇതിനിടെ ഗ്രീൻലാൻഡ് വാങ്ങും എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. വിമർശിച്ച് നേരെയാക്കാനുള്ള ശ്രമം നടക്കില്ല എന്ന് കരുതിയിട്ടാവണം, ട്രംപിന് അതേ നാണയത്തിൽ തന്നെയുള്ള മറുപടിയാണിപ്പോൾ ഡെന്മാർക്ക് നൽകിയിരിക്കുന്നത്. യുഎസിൽ നിന്ന് കാലിഫോർണിയ വിലയ്ക്ക് വാങ്ങാനുള്ള ക്യാമ്പെയ്‌നിന് ഡെന്മാർക്കിൽ തുടക്കമിട്ടിരിക്കുകയാണ്.. ക്യാമ്പെയ്‌നിന്റെ ഭാഗമായി, കാലിഫോർണിയ വാങ്ങാനുള്ള പെറ്റീഷനിൽ ഇതുവരെ രണ്ട് ലക്ഷം ഡെന്മാർക്ക് പൗരന്മാർ ഒപ്പിട്ടു കഴിഞ്ഞു. ഞങ്ങളുടെ സ്ഥലം വാങ്ങാൻ നോക്കിയാൽ നിങ്ങളുടെ സ്ഥലം ഞങ്ങളും വാങ്ങും എന്നതാണ് ഇവരുടെ നിലപാട്. 'ഡെന്മാർക്കിഫിക്കേഷൻ പെറ്റീഷൻ' എന്നാണ് ഈ പെറ്റീഷന് പേര്.

Lets buy California from Trump എന്നും മെയ്ക്ക് കാലിഫോർണിയ ഗ്രേറ്റ് എഗെയ്ൻ എന്നുമൊക്കെയാണ് ക്യാമ്പെയ്‌നിലെ പ്രധാന ഹാഷ്ടാഗുകൾ. അപേക്ഷയിലെ ചില പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്-

"ഡെന്മാർക്കിന് ഇനിയെന്താണ് ആവശ്യം എന്നറിയാമോ? കുറച്ച് കൂടുതൽ സൂര്യപ്രകാശം, നീണ്ടു നീണ്ട പനകൾ, റോളർ സ്‌കേറ്റുകൾ... അതിന് നമ്മൾ എന്ത് ചെയ്യണം? ട്രംപിൽ നിന്ന് കാലിഫോർണിയ വാങ്ങണം.. നമ്മൾ ഹോളിവുഡിലേക്ക് ഹ്യൂഗോ കൊണ്ടുവരും.. ബെവർലി ഹിൽസിൽ ബൈക്ക് ലേനുകൾ ഉണ്ടാക്കും.. എല്ലാ തെരിവുകളിലും ഡാനിഷ് സാൻഡ്‌വിച്ചുകൾ വിൽപനയ്ക്കുമുണ്ടാകും.. ശരിക്കൊന്നാലോചിച്ചാൽ ട്രംപിന് കാലിഫോർണിയയെ വലിയ താല്പര്യമൊന്നുമില്ല... യുഎസിലെ ഏറ്റവും മോശം സ്‌റ്റേറ്റ് എന്ന് അദ്ദേഹം കാലിഫോർണിയയെ വിശേഷിപ്പിച്ചിട്ടുണ്ട്. കാലിഫോർണിയൻ നേതാക്കളുമായി കുറേക്കാലം ട്രംപ് വഴക്കിലുമായിരുന്നു. നല്ല വില കിട്ടിയാൽ ട്രംപ് കാലിഫോർണിയ വിൽക്കും എന്ന് ഉറപ്പുണ്ട്".

ട്രംപും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും തമ്മിൽ അത്ര നല്ല ചേർച്ചയിലല്ല എന്നത് ആർക്കും അറിയാത്ത കാര്യമൊന്നുമല്ല. ട്രംപ് പിന്നെയും പ്രസിഡന്റ് ആയതോടെ തലവേദന ആയ ഗവർണർമാരിലൊരാളാണ് ഗാവിൻ. ട്രംപിന്റെ കുടിയിറക്കൽ നയങ്ങൾക്കെതിരെ പോരാടാൻ 50മില്യൺ ഡോളർ സംസ്ഥാനത്തിന് വകയിരുത്തിയിരുന്നു ഇദ്ദേഹം. പിന്നാലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സഹായധനം നിർത്തിവയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇതിന്റെ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണ് ഇതൊരു നല്ല അവസരമാണെന്ന് പ്രഖ്യാപിച്ച് ഡെന്മാർക്കിന്റെ സറ്റയറിക്കൽ പെറ്റീഷൻ. ക്രൗഡ് ഫണ്ടിങ്ങിലൂടെ 1 ട്രില്യൺ ഡോളർ നേടാനാണ് ക്യാമ്പെയ്‌നിന്റെ തീരുമാനം. കാലിഫോർണിയക്കാരും അപേക്ഷയിൽ ഒപ്പിട്ടിട്ടുണ്ട്. 5 ലക്ഷം ഒപ്പുകളാണ് ലക്ഷ്യം.

ഇതിനിടെ പെറ്റീഷന് കാലിഫോർണിയ സ്‌റ്റേറ്റ് സെക്രട്ടറി ഷെർലി വെബ്‌സ്റ്റർ അനുമതി നൽകി എന്നും റിപ്പോർട്ടുകളുണ്ട്. യുഎസിൽ നിന്നും പൂർണമായും വിട്ട്, 2028ഓടെ ഒരു സ്വതന്ത്ര സംസ്ഥാനമായി ഇലക്ഷനിൽ മത്സരിക്കാനാണ് കാലിഫോർണിയയുടെ തീരുമാനമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക സുരക്ഷയ്ക്കായി യുഎസിന് സ്വയംഭരണ പ്രദേശം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2019 മുതൽ ഗ്രീൻലാൻഡ് വാങ്ങണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നുണ്ട്. എണ്ണയും ഇന്ധനും മറ്റ് അസംസ്‌കൃത വസ്തുക്കളുമടക്കം ഗ്രീൻ ടെക്‌നോളജിക്ക് വേണ്ടതെല്ലാം ഗ്രീൻലാൻഡിലുണ്ടെന്നാണ് പറയപ്പെടുന്നത്. എട്ട് ലക്ഷം സ്‌ക്വയർ മൈലുകളിലായി ഏകദേശം 31,400 മില്യൺ ബാരൽ ഓയിലും 148 ട്രില്യൺ ക്യൂബിക് ഫീറ്റ് നാച്ചുറൽ ഗ്യാസും ഉണ്ടെന്നായിരുന്നു യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട്. പ്രസിഡന്റ് ആയതിന് പിന്നാലെ ഗ്രീൻലാൻഡിന്റെ അധികാരം യുഎസ് ഏറ്റെടുക്കും എന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ആഗോളതലത്തിൽ ഉയർന്നത്. ഗ്രീൻലാൻഡ് വില്പനയ്ക്കുള്ളതല്ല എന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സൺ ഒരു ചാനലിൽ പരസ്യമായി പ്രഖ്യാപിച്ചു. ഇതിനിടെ ഞങ്ങൾക്ക് അമേരിക്കക്കാരും ആകേണ്ട, ഡാനിഷുകാരും ആകേണ്ട, ഗ്രീൻലാൻഡിന്റെ ഭാവി ഗ്രീൻലാൻഡ് തീരുമാനിക്കും എന്നൊക്കെ പറഞ്ഞ് ഗ്രീൻലാൻഡിന്റെ പ്രധാനമന്ത്രി മ്യൂട്ട് ബി.എഗേഡുമെത്തി. ഇതിനൊക്കെ പിന്നാലെയാണിപ്പോൾ കാലിഫോർണിയ വാങ്ങാൻ മുന്നിട്ട് ഡെന്മാർക്കുകാർക്കുകാരുടെ അപേക്ഷ.

എന്നാൽ കാലിഫോർണിയ വാങ്ങാനുള്ള ഡെന്മാർക്കുകാരുടെ പ്ലാൻ തമാശ ആണെങ്കിലും യുഎസിനിത് അങ്ങനല്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കഴിഞ്ഞ ദിവസം ഒരു റിപ്പബ്ലിക്കൻ പ്രതിനിധി പറഞ്ഞത്, ഗ്രീൻലാൻഡ് വാങ്ങാനുള്ള ബിൽ സഭയിൽ അവതരിപ്പിച്ചു എന്നാണ്. ഗ്രീൻലാൻഡിന്റെ പേര് റെഡ്, വൈറ്റ്, ആൻഡ് ബ്ലൂ ലാൻഡ് എന്നാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ഇദ്ദേഹം.

Similar Posts