< Back
World
gaza
World

24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 65ലേറെ പേർ; ഗസ്സയിൽ മരണസംഖ്യ 31,988

Web Desk
|
21 March 2024 4:24 PM IST

ഗസ്സയിൽ പട്ടിണി ആയുധമാക്കിയതിന് നെതന്യാഹു ചരിത്രത്തിൽ ഇടം നേടുമെന്ന് ഫ്രഞ്ച് സെനറ്റർ

ഗസ്സ സിറ്റി:24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ 65 ലേറെ പേരെ കൊലപ്പെടുത്തുകയും 92 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ 31,988 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടതെന്നും 74,188 പേർക്ക് പരിക്കേറ്റെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8000 പേരെ കണാതായതായും അധികവും കുട്ടികളും സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ശേഷം മാത്രമാണ് ഇത്രയും അതിക്രമം ഇസ്രായേൽ സേന നടത്തിയത്.

അതേസമയം, ഗസ്സ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബോംബിട്ട് ആശുപത്രി മുഴുവൻ തകർത്തേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

അതേസമയം, ഗസ്സയിൽ പട്ടിണി ആയുധമാക്കിയതിന് നെതന്യാഹു ചരിത്രത്തിൽ ഇടം നേടുമെന്ന് ഫ്രഞ്ച് സെനറ്റർ ഗില്ലൂം ഗോണ്ടാർഡ് പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം പൊട്ടിപ്പുറപ്പെടുവിച്ചതായി ചരിത്ര പുസ്തകങ്ങൾ രേഖപ്പെടുത്തുമെന്ന് ബുധനാഴ്ച സെനറ്റ് ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് ഫ്രഞ്ച് സെനറ്റിലെ ഇക്കോളജിസ്റ്റ് ഗ്രൂപ്പിന്റെ പ്രസിഡന്റ് പറഞ്ഞത്. യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെലിനെ ഉദ്ധരിച്ച് 'ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ ശ്മശാന' മാണ് ഗസ്സയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts