
ഗസ്സ വംശഹത്യ: മരണം 60,000 പിന്നിട്ടു, താത്കാലിക വെടിനിർത്തലിനിടയിലും കൊലപാതകം തുടർന്ന് ഇസ്രായേൽ
|പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്ക് ഗസ്സ, കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേൽനോട്ട സമിതി വ്യക്തമാക്കുന്നത്
ഗസ്സസിറ്റി: അന്താരാഷ്ട്ര സമ്മർദങ്ങളെയൊക്കെ തള്ളി ഇസ്രായേൽ വംശഹത്യ തുടരുന്ന ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കടന്നു. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഗസ്സയില്‍ ഇത്രയും ഭീമമായ മരണസംഖ്യ ആദ്യമാണ്. 662 ദിവസം പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തില്‍, 36 പേരിൽ ഒരാൾ എന്ന നിരക്കിലാണ് മരണമെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ മധ്യഗസ്സയിലെ നുസെയ്റത്ത് അഭയാർഥി ക്യാംപിലടക്കം ഇസ്രായേൽ ആകമണമുണ്ടായി. സഹായം എത്തിക്കുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേലിന്റെ കൊലപാതകങ്ങള്‍ക്ക് അവസാനമാകുന്നില്ല.
ഇന്ന് നേരം പുലര്‍ന്നത് മുതല്‍ 83 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഭക്ഷണത്തിനായി പുറത്തിറങ്ങിയവരും ഉള്‍പ്പെടും. അതേസമയം ഗസ്സയിലെ ഫലസ്തീൻകാർ പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേൽനോട്ട സമിതി മുന്നറിയിപ്പ് നല്‍കുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണെന്നും യുഎൻ അനുബന്ധ പട്ടിണി നിർണയ സംഘടനയായ ഐപിസി റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ജൂലൈ ആദ്യ പകുതിയിൽ തന്നെ പോഷകാഹാരക്കുറവ് അതിവേഗം വർദ്ധിച്ചു. എന്നാല്‍ ഏപ്രിൽ മുതൽ തന്നെ കുട്ടികളെ ഗുരുതരമായ പോഷകാഹാരക്കുറവ് അലട്ടുന്നുണ്ട്. അതേസമയം സഹായ വിതരണങ്ങൾ ഇനി തടയുകയോ വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് ഐപിസി റിപ്പോർട്ട് ഉദ്ധരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.