
ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു
|ഭക്ഷണം കാത്തുനില്‍ക്കുന്ന 14 പേരും വെടിയേറ്റ് കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഗസ്സ സിറ്റിയില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ കൊന്നുതള്ളിയത് 73 പേരെ. പട്ടിണി മൂലം 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സ സിറ്റിക്ക് നേരെ കര, വ്യോമാക്രമണങ്ങൾ തകൃതിയാക്കിയാണ് ഇസ്രായേലിന്‍റെ നരമേധം. ഭക്ഷണം കാത്തുനിൽക്കുന്ന 14 പേരും വെടിയേറ്റ് കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലും കനത്ത ആക്രമണം തുടരുകയാണ്. ശൈഖ് റദ്‍വാൻ പ്രദേശത്ത് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറിയാൽ 'ഗസ്സ യുദ്ധം' അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
സമഗ്ര വെടിനിർത്തലിന് തങ്ങൾ സന്നദ്ധമാണെന്നും യുദ്ധവിരാമവും സൈനിക പിൻമാറ്റവുമാണ് വേണ്ടതെന്നും ഹമാസ് പ്രതികരിച്ചു.
അതേസമയം വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിനുള്ളിൽ പ്രക്ഷോഭം ശക്തമായി. തന്നെ വധിക്കാനാണ് പ്രക്ഷോഭകരുടെ നീക്കമെന്നും പുറത്തു നിന്നുള്ളവരുടെ പിന്തുണ പ്രക്ഷോഭകർക്ക് ലഭിക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. അതേസമയം ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രായേലിന്‍റെ വംശഹത്യാ പദ്ധതി ഇനിയും കണ്ടുനിൽക്കാൻ കഴിയില്ലെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ മുന്നറിയിപ്പ് നൽകി.
ഗസ്സ ലക്ഷ്യമാക്കി സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ട സുമുദ് ഫ്ളോട്ടിലക്ക് നേരെ, ഇസ്രായേൽ ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുണ്ട്. എല്ലാ വെല്ലുവിളിയും മറികടന്ന് ഗസ്സയിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.