< Back
World
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62000ത്തിലേക്ക്; 76 ശതമാനം മൃതദേഹവും കണ്ടെടുത്തു
World

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62000ത്തിലേക്ക്; 76 ശതമാനം മൃതദേഹവും കണ്ടെടുത്തു

Web Desk
|
3 Feb 2025 7:02 PM IST

കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായി ഗസ്സ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ്

ഗസ്സസിറ്റി: ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62,000ത്തിലേക്ക്. ഇതുവരെ കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായും 111,588 പേർക്ക് പരിക്കേറ്റതായും ഗസ്സ ഗവൺമെന്റ് ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.

യുദ്ധത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങൾ വീണ്ടെടുത്ത് മെഡിക്കൽ സെന്ററുകളില്‍ എത്തിച്ചതായും ഗസ്സ ഗവൺമെൻ്റ് ഇൻഫർമേഷൻ ഓഫീസ് മേധാവി സലാമ മറൂഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നിരുന്നാലും, 14,222 പേരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലോ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

കൊല്ലപ്പെട്ടവരില്‍ 214 നവജാത ശിശുക്കൾ ഉൾപ്പെടെ 17,881 കുട്ടികളുണ്ടെന്നും ഗസ്സ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങള സലാമ മറൂഫ് പറഞ്ഞു. 20 ലക്ഷത്തിലധികം ആളുകളെ പ്രദേശത്ത് നിന്നും നിര്‍ബന്ധിതമായി പലതവണ കുടിയിറക്കി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഗുരുതരമായ സാഹചര്യങ്ങളിലാണ് നിരവധി പേര്‍ കഴിയുന്നതെന്നും സലാമ മറൂഫ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ രണ്ടാംഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇസ്രാേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി. ഇന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി, സ്റ്റീവ് വിറ്റ്കോഫുമായി നെതന്യാഹു ചർച്ച നടത്തും. നാളെയായിരിക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നെതന്യാഹുവും ട്രംപും തമ്മിലെ കൂടിക്കാഴ്ച നടക്കുന്നത്.

Related Tags :
Similar Posts