< Back
World
എംആർഐ മെഷീൻ വലിച്ചെടുത്ത് 61കാരൻ മരിച്ച സംഭവം; ചെയിൻ ധരിച്ച് സ്കാനിങ് മുറിയിലെത്തുന്നതിൽ മുന്നറിയിപ്പുമായി ഡോക്ടർമാർ
World

എംആർഐ മെഷീൻ വലിച്ചെടുത്ത് 61കാരൻ മരിച്ച സംഭവം; ചെയിൻ ധരിച്ച് സ്കാനിങ് മുറിയിലെത്തുന്നതിൽ മുന്നറിയിപ്പുമായി ഡോക്ടർമാർ

Web Desk
|
20 July 2025 3:24 PM IST

ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്

ന്യൂയോർക്ക്: അമേരിക്കയിൽ ചെയിൻ ധരിച്ച് എംആര്‍ഐ സ്‌കാനിങ് മുറിയിയിൽ കയറിയ 61കാരന് ദാരുണാന്ത്യം. ലോഹനിര്‍മിത മാല ധരിച്ചതിനെ തുടർന്ന് ഇയാളെ എംആർഐ മെഷീൻ അകത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്കാനിങ് മുറിയിൽ പ്രവേശിക്കുന്നതിൽ മുന്നറിയിപ്പുമായി ഡോക്ടർമാർ രം​ഗത്തെത്തിയിരിക്കുകയാണ്.

ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലുള്ള വെസ്റ്റ്ബറിയില്‍ ബുധനാഴ്ച വൈകീട്ട് പ്രാദേശികസമയം നാലരയ്ക്കാണ് സംഭവം. ലോഹനിര്‍മിതമായ വലിയ മാല കഴുത്തില്‍ ധരിച്ചുകൊണ്ടാണ് ഇയാള്‍ സ്‌കാനിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആര്‍ഐ മെഷീന്‍ ഇയാളെ വലിച്ചെടുക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

എന്താണ് എംആർഐ സ്കാൻ ?

ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് (എംആർഐ). ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ശക്തമായ ഒരു കാന്തികക്ഷേത്രം സൃഷ്ടിച്ചാണ് എംആര്‍ഐ മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. എക്‌സ് റേ പോലുള്ള രീതികളിലെ പോലെ വികിരണങ്ങള്‍ ഉള്‍പ്പെടെ ഹാനികരമായ ഒന്നും എംആര്‍ഐയില്‍ ഇല്ല. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ കണ്ടെത്താനും കൃത്യതയാര്‍ന്ന രോഗനിര്‍ണയത്തിനും എംആര്‍ഐ സ്‌കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു.

എംആർഐ സ്കാൻ ഉപയോ​ഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം ?

എംആർഐയുടെ കാന്തികശക്തി യന്ത്രത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും ചുറ്റുമുള്ള ലോഹവസ്തുക്കളില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ശരീരത്തിലെ എല്ലാ ലോഹ വസ്തുക്കളും ആഭരണങ്ങളും നീക്കം ചെയ്തതിന് ശേഷം മാത്രമേ സ്കാനിങ് മുറിയിൽ പ്രവേശിക്കാൻ പാടുള്ളു. ശരീരത്തിൽ ഏതെങ്കിലും രീതിയിലുള്ള ലോഹ നിർമിത ഇംപ്ലാന്റുകളുണ്ടെങ്കില്‍ അവയെക്കുറിച്ച് ഡോക്ടർമാരെയും ടെക്നീഷ്യന്മാരെയും അറിയിച്ചതിനുശേഷമ മാത്രം സ്കാൻ ചെയ്യുക.

എംആർഐ അപകടങ്ങൾ

എംആര്‍ഐ മെഷീനുകള്‍ കാരണമുള്ള ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂർവമാണെങ്കിലും ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട്. 2001ൽ സ്കാനിങിനിടെ ഓക്സിജൻ ടാങ്കുമായി മുറിയില്‍ പ്രവേശിച്ച ആറ് വയസുകാരൻ അപകടത്തില്‍ മരിച്ചിരുന്നു. 2018ൽ ഇന്ത്യയിലും ഓക്സിജൻ സിലിണ്ടറുമായി എംആർഐ മുറിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ വർഷം, കാലിഫോർണിയയില്‍ എംആർഐ മെഷീനും ആശുപത്രി കിടക്കയ്ക്കും ഇടയിൽ കുടുങ്ങി ഒരു നഴ്‌സിനും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ബ്ലഡ്‌ലൈന്‍സ് എന്ന ചിത്രത്തില്‍ എംആര്‍ഐ മെഷീന്‍ വലിച്ചെടുത്തുള്ള അപകടമരണം കാണിച്ചിട്ടുണ്ട്.

Similar Posts