< Back
World
DOJ plans to release new batch of documents
World

50,000ലേറെ എപ്സ്റ്റീന്‍ ഫയലുകള്‍ ഈയാഴ്ച പുറത്തുവിടും; വരാനുള്ളത് ട്രംപിനെതിരായ വെളിപ്പെടുത്തലുകളും

ശരത് ലാൽ തയ്യിൽ
|
6 March 2026 10:49 AM IST

ട്രംപ് ഉള്‍പ്പെട്ട ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ആരോപണങ്ങളടക്കം പരമാര്‍ശിക്കുന്ന രേഖകളാണ് വരാനുള്ളത്

വാഷിങ്ടണ്‍ ഡിസി: എപ്സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെടുന്ന 50,000ലേറെ രേഖകള്‍ കൂടി യുഎസ് നീതിന്യായ വകുപ്പ് ഈയാഴ്ച പുറത്തുവിടും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് പുറത്തുവിടുകയെന്നാണ് വിവരം. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നേരത്തെ പുറത്തുവിട്ടവയില്‍ നിന്ന് 47,635 എപ്സ്റ്റീന്‍ ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് സമ്മതിച്ചിരുന്നു. ഇവ ഉള്‍പ്പെടെയാണ് വീണ്ടും പ്രസിദ്ധീകരിക്കുക. ട്രംപ് ഉള്‍പ്പെട്ട ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ആരോപണങ്ങളടക്കം പരമാര്‍ശിക്കുന്ന രേഖകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ട്രംപിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയുമായുള്ള എഫ്ബിഐ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് പുറത്തുവരാനുള്ളത്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തനിക്ക് നേരെ ജെഫ്രി എപ്സ്റ്റീനും ട്രംപും ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ ആരോപണങ്ങളാണ് പുറത്തുവരാനിരിക്കുന്നത്.

അതിനിടെ, എപ്സ്റ്റീന്‍ ഫയല്‍സ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യുഎസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചിരിക്കുകയാണ്. എപ്സ്റ്റീന്‍ കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം. പാം ബോണ്ടി ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരാകണം.

അന്തരിച്ച ലൈംഗിക കുറ്റവാളിയും ബാലപീഡകനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. ഡോണള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബില്‍ഗേറ്റ്‌സ് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം രേഖകളിലൂടെ പുറത്തുവന്നിരുന്നു. 2025ല്‍ യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമ പ്രകാരമാണ് രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിടുന്നത്.

Similar Posts