
'ഡെമോക്രാറ്റുകൾ കമ്യുണിസ്റ്റുകളായി മാറുന്നു'; സൊഹ്റാൻ മംദാനിയുടെ വിജയത്തിൽ മൗനം വെടിഞ്ഞ് ഡോണൾസ് ട്രംപ്
|സൊഹ്‌റാൻ മംദാനിയുടെ വിജയത്തിന് പിന്നാലെ തന്റെ ഭരണകൂടം പുതിയ മേയറെ സഹായിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു
ന്യൂയോർക്ക്: സൊഹ്റാൻ മംദാനിയുടെ വിജയത്തിൽ മൗനം വെടിഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡോണൾസ് ട്രംപ്. ഡെമോക്രാറ്റുകൾ കമ്യുണിസ്റ്റുകളായി മാറുന്നു എന്ന് ട്രംപ് വിമർശിച്ചു. ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സൊഹ്‌റാൻ മംദാനിയുടെ വിജയ പ്രസംഗത്തോട് ഡൊണാൾഡ് ട്രംപ് ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.
ട്രംപിനെതിരെ നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുത്ത മംദാനിയുടെ വിജയരാത്രിയിലെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് നിയുക്ത മേയറുടെ അഭിപ്രായങ്ങളെ 'അപകടകരമായ പ്രസ്താവന' എന്നാണ് യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. 'മംദാനി വാഷിംഗ്ടണിനോട് അൽപ്പം ബഹുമാനം കാണിക്കണം അങ്ങനെയല്ലെങ്കിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധ്യതയില്ല.' ഫോക്സ് ന്യൂസിന്റെ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
എന്നാൽ മംദാനിയുടെ വിജയത്തിന് ശേഷം തന്റെ ഭരണകൂടം പുതിയ മേയറെ 'സഹായിക്കുമെന്ന്' ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ മംദാനിയെ 'കമ്യുണിസ്റ്റ്' എന്നാണ് ട്രംപ് അഭിസംബോധന ചെയ്തത്. 'കമ്യുണിസ്റ്റുകൾക്കും, മാർക്സിസ്റ്റുകൾക്കും, ആഗോളവാദികൾക്കും അവരുടെ അവസരം ലഭിച്ചു. അവർ ദുരന്തം മാത്രമേ കൊണ്ടുവന്നുള്ളൂ, ഇനി ന്യൂയോർക്കിൽ ഒരു കമ്യുണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.' ഫ്ലോറിഡയിലെ മയാമിയിൽ അമേരിക്കൻ ബിസിനസ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. 'നമ്മൾ അവനെ സഹായിക്കും. ന്യൂയോർക്ക് വിജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.' ട്രംപ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി മംദാനിക്കെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു. മംദാനിയെ ഒരു 'കമ്യുണിസ്റ്റ് ഭ്രാന്തൻ' എന്ന് വിശേഷിപ്പിക്കുകയും മത്സരത്തിൽ വിജയിച്ചാൽ നഗരത്തിനുള്ള ഫെഡറൽ ഫണ്ട് നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.