< Back
World
Gulf countries and friendly countries welcome Trumps Palestinian peace plan

Donald Trump | Photo | Special Arrangement

World

എക്സിൽ ട്രംപ് 'അന്തരിച്ചു'; ​ ട്രെൻഡിങ്ങായതോടെ വസ്തുത തിരഞ്ഞ് ജനങ്ങൾ

Web Desk
|
31 Aug 2025 12:54 PM IST

ട്രംപ് അടുത്തിടെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അന്തരിച്ചെന്ന രീതിയിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ട്രെൻഡിങ്ങായിരുന്നു. #TRUMP IS DEAD എന്ന രീതിയിലും #WHERE IS TRUMP എന്ന തരത്തിലുമുള്ള പതിനായിരത്തിലധികം ഹാഷ്ടാഗുകളും പോസ്റ്റുകളും എക്‌സിലൂടെ പ്രചരിച്ചത് ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ അദ്ദേഹത്തെ ശനിയാഴ്ച ഗോള്‍ഫ് കോര്‍ട്ടില്‍ കണ്ടെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും അമേരിക്കന്‍ മാധ്യമമായ 'ദി ഹില്‍' റിപ്പോര്‍ട്ട് ചെയ്തെങ്കിലും എക്സിൽ നൂറ് കണക്കിന് പോസ്റ്റുകളാണ് വന്നത്.

ശനിയാഴ്ച പേരക്കുട്ടികള്‍ക്കൊപ്പം ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രചരിച്ചത് വ്യാജവാര്‍ത്തകളണെന്ന സ്ഥിരീകരണം ഉണ്ടായത്. ട്രംപിന്റെ മരണവാര്‍ത്ത എങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്? ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ത്തുന്നത് ആരാണ്? രാഷ്ട്രീയ ഭാവിക്ക് ഈ അഭ്യൂഹങ്ങള്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കിയത്? തുടങ്ങിയ ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

ആഗസ്റ്റ് 27-ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സുമായി യുഎസ്എ ടുഡേ നടത്തിയ അഭിമുഖമാണ് എക്‌സിലെ ട്രെന്റിന് ആക്കംകൂട്ടിയത്. അവതാരകന്‍ 'ഭയാനകമായ ദുരന്തം' സംഭവിച്ചാല്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുമോയെന്ന് വാന്‍സിനോട് ചോദിച്ചു. 79 വയസ്സുള്ള ട്രംപ് ആരോഗ്യവാനും ഊര്‍ജസ്വലനുമാണെന്നായിരുന്നു ആദ്യം വാന്‍സ് പ്രതികരിച്ചത്. അപ്രതീക്ഷിത സംഭവങ്ങള്‍ പ്രവചനാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാന്‍സിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ദുരന്തം സംഭവിച്ചാല്‍ കഴിഞ്ഞ 200 ദിവസങ്ങളില്‍ ലഭിച്ച മികച്ച പരിശീലനത്തേക്കാള്‍ മറ്റൊന്നും എനിക്ക് ചിന്തിക്കാനില്ല'.

ട്രംപ് അടുത്തിടെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതനുസരിച്ച്, ജൂലൈയില്‍ ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി എന്ന കാലില്‍ നീരുണ്ടാക്കുന്ന രോഗം ട്രംപിന് പിടിപെട്ടിരുന്നു. മാത്രമല്ല, വൈറ്റ്ഹൗസിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി രണ്ട് വധശ്രമങ്ങളെ അതിജീവിച്ചിരുന്നു. ട്രംപിന്റെ മരണം മുമ്പും ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു. 2023 സെപ്റ്റംബറില്‍, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ എക്‌സ് അക്കൗണ്ട് ഹാക്കാവുകയും തന്റെ പിതാവ് മരിച്ചുവെന്നും താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോവുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വ്യാജസന്ദേശം ഹാക്കര്‍ പോസ്റ്റ് ചെയ്തിരുന്നു. ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ വാര്‍ത്ത നിഷേധിക്കപ്പെട്ടത്.

Related Tags :
Similar Posts