< Back
World
പ്രശ്‌നപരിഹാരത്തിന് അടുത്താണ്‌, ഇറാനെ അക്രമിക്കരുത്:   നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്‌
World

'പ്രശ്‌നപരിഹാരത്തിന് അടുത്താണ്‌, ഇറാനെ അക്രമിക്കരുത്': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്‌

Web Desk
|
29 May 2025 11:42 AM IST

ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇസ്രായേൽ അടിക്കടി ഭീഷണിപ്പെടുത്തുന്നതിന്റെ പശ്ചാതലത്തിൽ കൂടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ആണവ ചർച്ചകൾ തുടരുന്നതിനിടെ, ഇറാനെ അക്രമിക്കരുതെന്ന മുന്നറിയിപ്പ് ഇസ്രായേലിന് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് തന്നെയാണ് ഇക്കാര്യം ഞാന്‍ നെതന്യാഹുവിനെ അറിയിച്ചെന്ന് വ്യക്തമാക്കിയത്. അതേസമയം ആണവവിഷയത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

''ഇപ്പോൾ ആക്രമണം നടത്തുന്നത് അനുചിതമായിരിക്കും, കാരണം നമ്മളൊരു പ്രശ്നപരിഹാരത്തിന് വളരെ അടുത്താണ്" എന്ന് നെതന്യാഹുവിനെ അറിയിച്ചതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇസ്രായേൽ അടിക്കടി ഭീഷണിപ്പെടുത്തുന്നതിന്റെ പശ്ചാതലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അതേസമയം ഇസ്രായേല്‍ നടത്തുന്ന ഏത് തരം ആക്രമണത്തിനും ശക്തമായ തിരിച്ചടി തന്നെയുണ്ടാകുമെന്ന് ഇറാനും വ്യക്തമാക്കുന്നുണ്ട്. അതേസമയം മരവിപ്പിച്ച ഫണ്ടുകൾ അമേരിക്ക വിട്ടുകൊടുക്കുകയും സിവിലിയൻ ഉപയോഗത്തിനായി യുറേനിയം ശുദ്ധീകരിക്കാനുള്ള അവകാശം അംഗീകരിക്കുകയും ചെയ്താൽ യുറേനിയം സമ്പുഷ്ടീകരണം ഇറാൻ താൽക്കാലികമായി നിർത്തിവെക്കാന്‍ തയ്യാറായേക്കുമെന്ന് രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുമായി ഒരു രാഷ്ട്രീയ ധാരണ ഉടൻ ഉണ്ടാകുമെന്നും ഇവര്‍ പങ്കുവെക്കുന്നു. ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നിർത്തിവയ്ക്കുമെന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കുന്നത്. അതേസമം ഇറാനും അമേരിക്കയും തമ്മിലെ ചര്‍ച്ചകള്‍ നല്ല സൂചനയായിട്ടാണ് കാണുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ആറ്റോമിക് വാച്ച്ഡോഗ് വ്യക്തമാക്കി.

ഒമാന്റെ മധ്യസ്ഥതയിലാണ് യുഎസും ഇറാനും തമ്മിലെ ചർച്ചകൾ പുരോഗമിക്കുന്നത്. അഞ്ച് റൗണ്ട് ചർച്ചകൾ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. റോമിലായിരുന്നു അവസാന ചര്‍ച്ച നടന്നത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ഇറാൻ പ്രതിനിധി സംഘവുമായി രണ്ട് മണിക്കൂറിലധികം ചർച്ച നടത്തിയത്.

Similar Posts