
‘ഡൊണാൾഡ് ട്രംപിനെ വിലകുറച്ച് കാണരുത്’: സെലൻസ്‌കിക്കുള്ള മുന്നറിയിപ്പ് പോസ്റ്റ് പങ്കിട്ട് യുഎസ് പ്രസിഡൻ്റ്
|യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലൻസ്‌കിക്ക് ട്രംപിന്‍റെ നിബന്ധനകൾ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പോസ്റ്റിൽ ഊന്നിപ്പറയുന്നു
വാഷിംഗ്ടണ്‍: 'ഡൊണാള്‍ഡ് ട്രംപിനെ വില കുറച്ചുകാണരുത്. ഈ കളിയില്‍, അദ്ദേഹം എല്ലാവരേക്കാളും 10 ചുവടുകള്‍ മുന്നിലാണ്,' ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് തന്‍റെ സാമൂഹിക മാധ്യമമായ ട്രൂത്തിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്‍റെ ഡൊണള്‍ഡ് ട്രംപ്. ട്രംപിനെ 'മാസ്റ്റര്‍ ചെസ്സ് കളിക്കാരന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിലെ ബെന്‍സണ്‍ ചിറ്റ് ചാറ്റ് ഗ്രൂപ്പിലെ ഒരു അംഗം എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കുവെച്ചത്.
യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലന്‍സ്‌കിക്ക് ട്രംപിന്‍റെ നിബന്ധനകള്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പോസ്റ്റില്‍ ഊന്നിപ്പറയുന്നു. യു എസിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാതെ ട്രംപ് യഥാര്‍ഥത്തില്‍ യുക്രൈനെ സംരക്ഷിക്കുകയാണെന്നും പോസ്റ്റ് പറയുന്നു. ധാതു കരാര്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ യുക്രൈനിന്‍റെ ഖനന വ്യവസായത്തില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടുമെന്ന് ട്രംപ് ഉറപ്പാക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
യുക്രൈന്‍ ഖനനത്തില്‍ യു എസ് ഉള്‍പ്പെടുന്നതോടെ റഷ്യയെ അധിനിവേശത്തില്‍ നിന്നും തടയും. യുക്രെയ്‌നെ ആക്രമിക്കുന്നത് അമേരിക്കന്‍ ജീവന്‍ അപകടത്തിലാക്കുകയും അത് അമേരിക്കയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്നതാണ് റഷ്യയെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു 'മാസ്റ്റര്‍ ചെസ്സ് കളിക്കാരന്‍' പോലെ ട്രംപ് ഇരുവശത്തും കളിച്ചു. ഒടുവില്‍, സെലെന്‍സ്‌കിക്ക് സമ്മതിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല, കാരണം യു എസ് പിന്തുണയില്ലാതെ യുക്രൈന് റഷ്യയ്ക്കെതിരായ ദീര്‍ഘകാല യുദ്ധം ജയിക്കാന്‍ കഴിയില്ല. യു എസ് കമ്പനികള്‍ യുക്രൈനിൽ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെ പുടിന് ആക്രമണം നടത്താന്‍ കഴിയില്ലെന്നും പോസ്റ്റ് പറയുന്നു.
ട്രംപും സെലന്‍സ്‌കിയും തമ്മില്‍ ഓവല്‍ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ച തര്‍ക്കത്തിലാണ് അവസാനിച്ചത്. സെലെന്‍സ്‌കിയും ട്രംപും സുഗമമായ ചര്‍ച്ച നടത്തുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ് രംഗത്തെത്തിയതോടെയാണ് ചര്‍ച്ച വഴി മാറിയത്. യുക്രൈന്‍ യു എസിനോടും ട്രംപിനോടും നന്ദി പറയുന്നില്ലെന്നും റഷ്യ- യുക്രൈന്‍ യുദ്ധത്തിന് 'നയതന്ത്ര പരിഹാരം' വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ കരാര്‍ ഒപ്പിടാതെ സെലെന്‍സ്‌കി ഓവല്‍ ഓഫീസ് വിടുകയായിരുന്നു.