< Back
World
Drone Hit Cyprus Wasnt Launched from Iran
World

സൈപ്രസിലെ വ്യോമതാവളം ആക്രമിച്ച ഡ്രോണ്‍ ഇറാനില്‍ നിന്നുള്ളതല്ലെന്ന് യുകെ

ശരത് ലാൽ തയ്യിൽ
|
5 March 2026 6:57 PM IST

മാര്‍ച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടൻ്റെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്

ലണ്ടന്‍: സൈപ്രസിലെ ബ്രിട്ടന്റെ വ്യോമസേനാ താവളം ആക്രമിച്ച ഡ്രോണ്‍ ഇറാനില്‍ നിന്ന് വിക്ഷേപിച്ചതല്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയം. ഇറാന്റെ ഷഹെദ് ഡ്രോണുകള്‍ക്ക് സമാനമായ ഡ്രോണാണ് സൈപ്രസിലെ അക്രോട്ടിരി വ്യോമതാവളം ആക്രമിച്ചതെന്നും എന്നാല്‍ ഇത് ഇറാനില്‍ നിന്ന് വിക്ഷേപിച്ചതല്ലെന്ന് വ്യക്തമായതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടന്റെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്. തുടരുന്ന സംഘര്‍ഷത്തില്‍ പശ്ചിമേഷ്യക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമായിരുന്നു ഇത്. രണ്ട് ഡ്രോണുകളാണ് പതിച്ചതെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാകുകയോ ചെയ്തിരുന്നില്ല.

ബ്രിട്ടീഷ് റോയല്‍ നേവിയുടെ വൈല്‍ഡ്കാറ്റ് ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ സൈപ്രസ് സൈനിക താവളത്തില്‍ വിന്യസിക്കുമെന്നും ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്നും യുകെ വ്യക്തമാക്കി. മേഖലയിലെ ബ്രിട്ടീഷ് സഖ്യകക്ഷികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ വിട്ടുതരണമെന്ന യുഎസിന്റെ ആവശ്യത്തിന് യുകെ സമ്മതം നല്‍കിയതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം.

Similar Posts