< Back
World
ഭൂകമ്പത്തിൽ മതിൽ തകർന്നു; 200ലധികം തടവുകാർ ജയിൽ ചാടി
World

ഭൂകമ്പത്തിൽ മതിൽ തകർന്നു; 200ലധികം തടവുകാർ ജയിൽ ചാടി

Web Desk
|
3 Jun 2025 2:40 PM IST

വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ജയിൽ ജീവനക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കറാച്ചി: പാകിസ്താനിലെ കറാച്ചിയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ 200 ലധികം തടവുകാർ ജയിൽ ചാടി. തിങ്കളാഴ്ച്ച രാത്രി കിഴക്കൻ കറാച്ചിയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ മാലിർ ജയിലിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഭൂകമ്പവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ തിരക്കിലായിരുന്നു ജയിൽ അധികൃതർ. ആ സമയത്താണ് അവസരം മുതലാക്കി 216 ഓളം തടവുകാർ ജയിൽ ചാടിയതെന്ന് ജയിൽ സൂപ്രണ്ട് അർഷാദ് ഷാ പറഞ്ഞു.

തുടർന്ന് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ജയിൽ ജീവനക്കാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മാലിർ ജയിലിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് കനത്ത വെടിവയ്പ്പിന്റെ ശബ്ദവും, തടവുകാർ സമീപത്തുള്ള റോഡുകളിലൂടെ ഓടിപ്പോകുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. നേരിയ ഭൂകമ്പത്തെ തുടർന്ന് ജയിലിന്റെ ഒരു മതിൽ തകർന്നു വീണുവെന്നും തുടർന്ന് തടവുകാർ ആ മതിൽ പൂർണ്ണമായും പൊളിച്ചുമാറ്റിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നായി 73 ഓളം തടവുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം,134-ലധികം തടവുകാർ ഇപ്പോഴും ഒളിവിലാണെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അർഷാദ് ഷാ പറഞ്ഞു.

ചാടിപ്പോയവരിൽ പലരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലടക്കം പ്രതികളാണെന്നും അധികൃതർ വെളിപ്പെടുത്തി. ഞായറാഴ്ച മുതൽ കറാച്ചിയിലെ മാലിർ, ലാൻഡി, ക്വിയബാദ് എന്നിവടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത് . 2.8 തീവ്രതയുള്ള ഭുചലനങ്ങളാണ് പാകിസ്താനിൽ റിപ്പോർട്ട് ചെയ്തത്. മാലിറിൽ നിന്നും 15 കിലോ മീറ്റർ മാറി 40 കിലോ മീറ്റർ ആഴത്തിലാണ് അവസാന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച രാത്രിയും തുടർച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായിരുന്നു. 2.6, 2.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയും ഭൂചലനമുണ്ടായിരുന്നു.

Similar Posts