
യുദ്ധഭീതിക്കിടെ ഇറാനിലും അമേരിക്കയിലും ഭൂചലനം
|റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല
തെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ സഖ്യം ഇറാനുനേരെയുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് പ്രകൃതിക്ഷോഭവും ഉണ്ടായതെന്നത് ആശങ്ക വർധിപ്പിക്കുന്നു.
സമാനമായ രീതിയിൽ അമേരിക്കയിലെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രമായ നെവാഡ മരുഭൂമിക്ക് സമീപവും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും രഹസ്യമായ ആണവ പരീക്ഷണ കേന്ദ്രങ്ങളും പരീക്ഷണാത്മക വിമാന ഗവേഷണങ്ങളും നടക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം നൂറിലധികം ഭൂചലനങ്ങളാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ടോണോപ ടെസ്റ്റ് റേഞ്ചിന്റെ 50 മൈൽ ചുറ്റളവിലാണ് ഈ അസാധാരണ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്.
കൂടാതെ, ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും ശക്തമായ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10.26ഓടെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ നിലവിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, തെഹ്റാനിൽ നിന്ന് 800 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമാൻ വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 13 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക ഹെലികോപ്റ്ററുകൾ സൂക്ഷിച്ചിരുന്ന ഈ താവളമാണ് പ്രധാനമായും ആക്രമിക്കപ്പെട്ടതെന്ന് തസ്നിം വാർത്താ ഏജൻസിയും ഹംഷഹ്രി ദിനപത്രവും വ്യക്തമാക്കി.