< Back
World
Elon Musk steps back from Trump administration
World

ഇലോൺ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയും; ഇനി ശ്രദ്ധ ടെസ്‌ലയിൽ

Web Desk
|
25 April 2025 12:57 PM IST

ടെസ്‌ല സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മസ്‌ക് കമ്പനിയിലേക്ക് തിരിച്ചുപോവുന്നത്.

വാഷിങ്ടൺ: വ്യവസായ പ്രമുഖൻ ഇലോൺ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയും. ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മസ്ക് വ്യക്തമാക്കി. മസ്ക് പദവി ഒഴിയുന്നത് വൈറ്റ് ഹൗസും ട്രംപും സ്ഥിരീകരിച്ചു.‌

ടെസ്‌ല സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മസ്‌ക് യുഎസ് സർക്കാരിലെ തന്റെ ഇടക്കാല പദവി രാജിവച്ച് കമ്പനിയുടെ പ്രവർത്തനത്തിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓഹരി ഉടമകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റുമായുള്ള (ഡോഗ്) മസ്‌കിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് നേരത്തെ പദവിയൊഴിയുന്നത്.

ഡോഗുമായുള്ള തന്റെ ജോലി ഏറെക്കുറെ പൂർത്തിയായി മസ്‌ക് പറഞ്ഞു ഉടൻ തന്നെ ടെസ്‌ലയിലേക്കു തന്നെ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മസ്‌കിന് യാത്രയയപ്പ് നൽകാൻ ഭരണകൂടം തയാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. 'ഒരു ഘട്ടത്തിൽ അദ്ദേഹത്തെ പോകാൻ അനുവദിക്കേണ്ടിവരുമെന്നറിയാം. ആ സമയം ഇപ്പോഴാണെന്ന് ഞങ്ങൾ കരുതുന്നു. ഞാൻ ഇലോണുമായി ഇതിനെക്കുറിച്ച് സംസാരിക്കും'- ട്രംപ് പറഞ്ഞു.

മസ്‌ക് തിരിച്ചുപോയി ടെസ്‌ലയുടെ കാര്യങ്ങൾ നോക്കുമെന്നും അദ്ദേഹം ഒരു മികച്ച ദേശസ്‌നേഹിയാണെന്നും ട്രംപ് പറഞ്ഞു. മസ്‌കിനെ 'പ്രത്യേക സർക്കാർ ജീവനക്കാരൻ' എന്ന വിഭാ​ഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. വർഷത്തിൽ 130 ദിവസം ശമ്പളമുള്ളതോ ഇല്ലാത്തതോ ആയ സർക്കാർ ജോലിക്കാർക്കാണ് ഈ ലേബൽ നൽകുന്നത്.

കമ്പനി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ മസ്കിന് ടെസ്‌ലയിലേക്ക് മടങ്ങിവരാനുള്ള സമയമാണിതെന്നാണ് ഓഹരി ഉടമകളുടെ പക്ഷം. 2025ന്റെ ആദ്യ പാദത്തിൽ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ലാഭത്തിൽ 71 ശതമാനം കുറവുണ്ടായതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ‌‌വാഹന വിൽപ്പനയിൽ 20 ശതമാനവും കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Similar Posts