< Back
World
Elon MuskElon Musks X To Donate Ad Revenue To War-Torn Gaza, Israeli Hospitals,Elon Musks X To Donate Ad Revenue ,Musks X Gaza, Israeli Hospitals,Elon Musk gaza war,ഇലോൺ മസ്‌ക്
World

'എക്‌സിന്റെ പരസ്യവരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക്'; പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

Web Desk
|
22 Nov 2023 3:59 PM IST

പണം ചെലവഴിക്കുമെന്ന് കൃത്യമായി നിരീക്ഷിക്കുമെന്നും മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിന്റെ (ട്വിറ്റർ) പരസ്യ വരുമാനം യുദ്ധത്തിൽ തകർന്ന ഗസ്സയിലെയും ഇസ്രായേലിലെ ആശുപത്രികൾക്ക് സംഭാവന ചെയ്യുമെന്ന് ഉടമ ഇലോൺ മസ്‌ക്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

'എക്‌സിലെ പരസ്യങ്ങളിൽ നിന്നും സബ്സ്‌ക്രിപ്ഷനുകളിൽ നിന്നുമുള്ള എല്ലാ വരുമാനവും യുദ്ധത്തിൽ തകർന്ന ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്കും ഗസ്സയിലെ റെഡ് ക്രോസ്/ക്രസന്റിനും സംഭാവന ചെയ്യും' എന്നാണ് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത്. അതേസമയം, ഗസ്സയിലെ റെഡ് ക്രെസന്റ്,റെഡ് ക്രോസ് എന്നിവരെല്ലാം എങ്ങനെ പണം ചെലവഴിക്കുമെന്ന് കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭജനങ്ങൾക്കും അതീതമായി നിരപരാധികളോട് കരുണ കാണിക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു.' എക്സ് നല്‍കുന്ന പണം ഹമാസ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇസ്രായേൽ പ്രതിരോധ സേനയും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. ഗസ്സയിൽ യുദ്ധത്തെത്തുടര്‍ന്ന് സകല ആശയവിനിമയ സംവിധാനവും ഇന്റർനെറ്റ് സേവനവും വിച്ഛേദിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്ന അംഗീകൃത സഹായ സംഘടനകൾക്ക് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി നൽകുമെന്ന് മസ്‌ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, യുദ്ധത്തിൽ ഗസ്സയിലെ നിരവധി ആശുപത്രികൾക്ക് നേരെ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. നിരവധി ആശുപത്രികൾ പൂർണമായും തകർന്നിരിക്കുകയാണ്. ഇതിന് പുറമെ മരുന്നോ അവശ്യസാധനങ്ങളോ ഇല്ലാത്തതിനാൽ പല ആശുപത്രികളുടെയും പ്രവർത്തനം ഏറെക്കുറെ നിലച്ച അവസ്ഥയിലുമാണ്.

ഇസ്രായേല്‍ പിടിച്ചെടുത്ത ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫക്കു പുറമെ ഇന്തൊനേഷ്യൻ ആശുപത്രിയും സൈനിക ബാരക്കുകളാക്കി മാറ്റിക്കഴിഞ്ഞു.ഇതോടെ നൂറുകണക്കിന്​ രോഗികളും ആരോഗ്യ പ്രവർത്തകരും മരണമുനമ്പിലാണെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പലരും ചോരവാർന്നു മരിക്കുന്ന സാഹചര്യമാണ്​ വടക്കൻ ഗസ്സയിലെങ്ങുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

Similar Posts