ചാര്‍ളി കിര്‍ക്ക്-ടൈലർ റോബിൻസൻ'മതിയായി, ഇനിയും സഹിക്കാനാവില്ല': ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നിലെ വിവരങ്ങൾ പുറത്ത്...
|യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് ചാർളി കിർക്കിന് വെടിയേല്‍ക്കുന്നത്.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും തീവ്രവലതുപക്ഷ പ്രചാരകനുമായ ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്.
കിർക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ വെറുപ്പ് നിറഞ്ഞ പ്രസംഗങ്ങളായിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെയ്‌ലർ റോബിൻസന്റെ 'കോടതി രേഖകൾ' പരിശോധിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അദ്ദേഹം തന്റെ ട്രാൻസ്ജൻഡർ പങ്കാളിക്ക് അയച്ച കുറിപ്പിലെ വിവരങ്ങളെന്നാണ് പറയപ്പെടുന്നത്.
'അവന്റെ(ചാർളി കിർക്ക്) വെറുപ്പ് നിറഞ്ഞ പ്രസംഗങ്ങൾ എനിക്ക് മതിയായി, ചിലത് ഏറെ നാൾ വെച്ചുപൊറുപ്പിക്കാനാവില്ല'- എന്നാണ് കൃത്യത്തിന് ശേഷം റോബിൻസൻ പങ്കാളിക്ക് അയച്ച ടെക്സ്റ്റ് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പൊലീസോ ബന്ധപ്പെട്ടവരോ എന്താണ് കൊലപാതക കാരണം എന്ന് വ്യക്തമാക്കുന്നില്ല. ഒരു ട്രാൻസ്ജൻഡറുമായി റോബിൻസന് അടുപ്പമുണ്ടായിരുന്നുവെന്ന് മാത്രമാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൊലപാതകം, റോബിൻസൻ നേരത്തെ ആസൂത്രണം ചെയ്തിരുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചാർളിയെ ഇല്ലാതാക്കാൻ അവസരം ലഭിച്ചെന്നും ഞാനത് ഉപയോഗപ്പെടുത്താൻ പോകുകയാണെന്നും ഇയാൾ പങ്കാളിക്ക് അയച്ച സന്ദേശത്തിലുണ്ട്. അതേസമയം ടൈലറിന് വധശിക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് ചാർളി കിർക്കിന് വെടിയേല്‍ക്കുന്നത്. ട്രാന്‍സ്ജന്‍ഡേഴ്സുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നതും. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ട്രംപിന്റെ അടുത്ത അനുയായിയും ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.