< Back
World
തലച്ചോറ്, ചർമ്മം, കൈകൾ പഠനാവശ്യത്തിനായി നൽകിയ മൃതദേഹങ്ങളിലെ അവയവങ്ങൾ വിറ്റു; മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ
World

തലച്ചോറ്, ചർമ്മം, കൈകൾ പഠനാവശ്യത്തിനായി നൽകിയ മൃതദേഹങ്ങളിലെ അവയവങ്ങൾ വിറ്റു; മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

Web Desk
|
25 May 2025 3:07 PM IST

ഭാര്യയുടെ സഹായത്തോടെ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ട സെഡ്രിക് ലോഡ്ജ് കുറ്റം സമ്മതിച്ചു

പെൻസിൽവാനിയ: മനുഷ്യൻറ,തലച്ചോറ്, ചർമ്മം, കൈകൾ, മുഖം മുതൽ നിരവധി അവയവങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിന് കുറ്റം സമ്മതിച്ച് ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിലെ മുൻ മാനേജർ. മെഡിക്കൽ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഹാർവാർഡിലേക്ക് സംഭാവന ചെയ്ത മൃതദേഹങ്ങളിൽ നിന്നാണ് സെഡ്രിക് ലോഡ്ജെന്ന 57 കാരൻ അവയവങ്ങൾ മോഷ്ടിച്ച വിൽപ്പന നടത്തിയത്.

ഭാര്യയുടെ സഹായത്തോടെ നടത്തിയ മോഷണത്തിൽ പിടിക്കപ്പെട്ട സെഡ്രിക് ലോഡ്ജ് കുറ്റം സമ്മതിച്ചു. ഇയാൾ മോഷ്ടിച്ച മനുഷ്യ അവയവങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ അവയവറാക്കറ്റുകൾക്ക് വിൽപന നടത്തിയതായി ഇയാൾ സമ്മതിച്ചു.

2018 മുതൽ 2020 മാർച്ച് വരെ, അക്കാദമിക് ആവശ്യങ്ങൾക്കായി നൽകിയ മൃതദേഹങ്ങളിലാണ് മോഷണം നടത്തിയത്. ഹാർവാർഡിന്റെയോ, ദാതാക്കളുടെയോ, അവരുടെ കുടുംബങ്ങളുടെയോ അറിവോ അനുവാദമോ ഇല്ലാതെയാണ് ലോഡ്ജ് മനുഷ്യ അവയവങ്ങൾ കടത്തിയത്.

ബോസ്റ്റണിലെ മോർച്ചറിയിൽ നിന്ന് മോഷ്ടിച്ച അവയവങ്ങൾ ന്യൂ ഹാംഷെയറിലെ ഗോഫ്സ് ടൗണിലെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. ശേഷം ഇയാളും ഭാര്യയും ചേർന്ന് ആവശ്യക്കാർക്ക് വിൽക്കും. പെൻസിൽ വാനിയയിലെ ഒരാൾ ഡെനിസ് ലോഡ്ജിന്റെ ഭാര്യക്ക് മൂന്ന് വർഷത്തിനിടെ ഏകദേശം 32 ലക്ഷം രൂപ നൽകിയതായി പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തു.

പരമാവധി 10 വർഷത്തെ ജയിൽ ശിക്ഷയും പി‍ഴയുമാണ് സെഡ്രിക് ലോഡ്ജിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഫെഡറൽ നിയമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മാത്യു ഡബ്ല്യു ബ്രാൻ ആയിരിക്കും ശിക്ഷ തീരുമാനിക്കുന്നത്. ഇയാളിൽ നിന്നും അവശിഷ്ടങ്ങൾ വാങ്ങിയ ആൾക്കാരും പിടിയിലായിട്ടുണ്ട്. ഇവർക്കും വർഷങ്ങളുടെ ജയിൽ ശിക്ഷയാണ് കാത്തിരിക്കുന്നത്. സെഡ്രിക് ലോഡ്ജിന്റെ ഭാര്യ ഡെനിസ് ലോഡ്ജ് കഴിഞ്ഞ വർഷം തന്നെ കുറ്റം സമ്മതിച്ചിരുന്നു.

Similar Posts